തിരുവനന്തപുരം: സംസ്ഥാനത്തെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ മൂന്നിന് അവധി നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കിൽ അതതു സ്ഥാപനങ്ങൾക്ക് തീരുമാനിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ 4,5 തീയതികളിൽ സർക്കാർ അവധിയാണ്.
അസിസ്റ്റന്റ് ജിയോളജിസ്റ്റ് തസ്തിക
മൈനിംഗ് ആൻറ് ജിയോളജി വകുപ്പിൽ ഓരോ ജില്ലയിലും ഒരോ അസിസ്റ്റൻറ് ജിയോളജിസ്റ്റിൻ്റെ അധിക തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.
ഡോ. സന്തോഷ് ബാബുവിൻ്റെ സേവന കാലാവധി ദീർഘിപ്പിച്ചു
കേരളസ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറായ ഡോ. സന്തോഷ് ബാബുവിൻ്റെ സേവന
കാലാവധി ദീർഘിപ്പിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ റാങ്കിലും സ്കെയിലിലും 11.10.2022 മുതൽ പ്രാബല്യത്തിൽ രണ്ട് വർഷത്തേക്ക് പുനർനിയമന വ്യവസ്ഥയിലാണ് ദീർഘിപ്പിച്ചത്.
കേരള ഫൈബർ ഒപ്റ്റിക് നെറ്റ വർക്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, ഇൻഫർമേഷൻ കേരളമിഷൻ ചീഫ് മിഷൻ ഡയറക്ടർ/എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ അധിക ചുമതലകളും നൽകി.
അസിസ്റ്റന്റ് പ്രൊഫസർ തസ്തിക
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സൂപ്പർ ന്യൂമററിയായി രണ്ട് അസിസ്റ്റൻറ് പ്രൊഫസർ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.
സാധൂകരിച്ചു
ഓക്സ്ഫോർഡ്, മാഞ്ചസ്റ്റർ, സെയ്ജൻ, എഡിൻബർഗ് സർവ്വകലാശാലകളുമായി കേരള ഡിജിറ്റൽ സർവ്വകലാശാല ഏർപ്പെടാൻ ഉദ്ദേശിക്കുന്ന നാല് ധാരണപത്രങ്ങൾ അംഗീകരിച്ച് ഒപ്പ് വയ്ക്കുന്നതിന് ഡിജിറ്റൽ സർവ്വകലാശാലാ വൈസ് ചാൻസിലറെ ചുമലപ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.