തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നാടിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്നയാളാണ് പിണറായി വിജയനെന്നും കേരളം മനോഹരമായ നാടാണെന്നും ഗാംഗുലി പറഞ്ഞു.
മികച്ച സ്റ്റേഡിയവും കാണികളുമുള്ള നാടാണ് കേരളം. നല്ല ഓർമകൾ മാത്രമാണ് കേരളം നൽകിയിട്ടുള്ളത്. താൻ ആദ്യമായി ക്യാപ്റ്റനായത് കേരളത്തിലെ മത്സരത്തിലായിരുന്നെന്നും ഗാംഗുലി പറഞ്ഞു.സംസ്ഥാന സർക്കാരിൻ്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗാംഗുലി. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്ത് തന്നെ പ്രാധാന്യമുള്ള പ്രചാരണ വിഷയമാണ് നോ ടു ഡ്രഗ്സ് ക്യാമ്പയിൻ. ഈ പ്രചാരണത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളും യുവാക്കളും മനസിലാക്കണം. ശരിയായ പാതയിൽ കുട്ടികളെ നയിക്കാനുള്ള ചുമതല എല്ലാവർക്കുമുണ്ട്. ആരോഗ്യം നല്ല കാര്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കണം. സർക്കാരിൻ്റെ ഈ പരിപാടിക്ക് അതീവ പ്രാധാന്യമുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ച സാഹചര്യത്തിലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചാരണം സർക്കാർ നടത്തുന്നത്. രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും മാധ്യമങ്ങളും കൈകോർത്താണ് പ്രചാരണങ്ങളാണ് സംഘടിപ്പിക്കുക. ലഹരി മുക്തി നാടിനു മുക്തി എന്നാണ് പ്രചരണത്തിൻ്റെ മുദ്രാവാക്യം. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ പ്രചാരണത്തിന് തുടക്കമാകും. സംസ്ഥാനത്തെ കലാലയങ്ങളിലും നഗര ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ വിവിധ തരത്തിലുള്ള പ്രചാരണങ്ങളാണ് സംഘടിപ്പിക്കുക. പൊലീസും എക്സൈസും ചേർന്ന് വ്യാപകമായ പരിശോധനയും ആസൂത്രണം ചെയ്തിട്ടുണ്ട്.