അക്രമകാരികളായ നായകളെ കൊല്ലാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. എ ബി സി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
തെരുവുനായകളുടെ ആക്രമണം സംസ്ഥാനത്ത് രൂക്ഷമാണ്. അപകടകാരികളായ നായകളെ കുത്തിവെച്ച് കൊല്ലാൻ അനുവദിക്കണം. നിലവിലെ നിയമം അനുസരിച്ച് സംസ്ഥാനത്തെ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ വേണ്ട നടപടികളെടുക്കാൻ സർക്കാരിന് കഴിയുന്നില്ല. പേവിഷബാധയേറ്റുള്ള മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം കൂടി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും സർക്കാർ ഹരജിയിൽ ആവശ്യപ്പെട്ടു.
നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്തും, കോഴിക്കോട് കോർപ്പറേഷനും സമാന ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്തിന് വേണ്ടി പി പി ദിവ്യയും, കോഴിക്കോട് ജില്ലാ കോർപറേഷന് വേണ്ടി സെക്രട്ടറി ബിനി കെയുമാണ് സുപ്രിംകോടതിയിൽ ഹർജി നൽകിയത്.