കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുന്നു. മട്ടന്നൂരിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും സ്ഥാപനത്തിലാണ് റെയ്ഡ് നടക്കുന്നത്. കൂത്തുപറമ്പ് എ സി പി പ്രതീപനാണ് റെയ്ഡുകൾക്ക് നേതൃത്വം നൽകുന്നത്.
സംസ്ഥാനത്ത് വെള്ളിയാഴ്ച പിഎഫ്ഐ പ്രഖ്യാപിച്ച റെയ്ഡിൽ വ്യാപക ആക്രമങ്ങൾ നടന്നിരുന്നു. ഈ ആക്രമണങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തതാണെന്ന് തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഹർത്താലിനിടയിൽ കണ്ണൂർ ജില്ലയിൽ പിഎഫ്ഐ പ്രവർത്തകർ പെട്രോൾ ബോംബുകളും ഉപയോഗിച്ചിരുന്നു. ജില്ലാ നേതൃത്വമാണ് ഇതിന് നിർദേശം നൽകിയതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ആക്രമണ സംഭവങ്ങൾക്ക് സമാന സ്വഭാവമുണ്ടായിരുന്നു. അതുകൊണ്ട് ആക്രമണങ്ങൾക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് നിഗമനം. ഇതിൻ്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടക്കുന്നത്.
കഴിഞ്ഞ ദിവസവും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നിരുന്നു. ഞായറാഴ്ച പോപ്പുലർ ഫ്രണ്ടുകാരുടെ സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിൽ ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനമടക്കമുള്ള ആരോപണങ്ങളിൽ പോപ്പുലർ ഫ്രണ്ടിനെതിരെ എൻഐഎയുടെ അന്വേഷണവും നടക്കുന്നുണ്ട്.