മയക്കുമരുന്ന് കേസിൽ യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ. യൂത്ത് ലീഗ് കൂട്ടിലങ്ങാടി പഞ്ചായത്ത് സെക്രട്ടറി താഹ ഉമ്മറാണ് അറസ്റ്റിലായത്. ഇയാൾ കൂട്ടിലങ്ങാടി ചെലൂരിലെ പടിക്കമണ്ണിൽ സ്വദേശിയാണ്. സൗദിയിലേക്ക് കൊറിയർവഴി മയക്കുമരുന്നായി ഉപയോഗിക്കാവുന്ന ക്ലോണാസെപാം അയച്ച കേസിൽ ബംഗളൂരു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് കൊറിയർ വിമാനത്താവളത്തിൽനിന്നാണ് പിടികൂടിയത്. പിന്നീട് താഹ ഉമ്മറിനെ പോലീസിൻ്റെ സഹായത്തോടെ ബംഗളൂരു നാർകോട്ടിക് ബ്യൂറോ കസ്റ്റഡിയിലെടുക്കുകയായിരുന്നു. താഹ മലപ്പുറം കുന്നുമ്മലിലെ ആലിയ മെഡിക്കൽ സ്റ്റോർ ഉടമയാണ് താഹ ഉമ്മർ. 2015ലെ പഞ്ചായത്ത് തെരഞ്ഞടുപ്പിൽ കൂട്ടിലങ്ങാടി പഞ്ചായത്തിൽ 14-ാം വാർഡിൽ മുസ്ലിംലീഗ് സ്ഥാനാർഥിയായിരുന്നു.
താഹ ഉമ്മർ നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണ്. പൊതുമുതൽ നശിപ്പിച്ചതിനും വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും താഹക്കെതിരെ കേസുണ്ട്. അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളേജിൽ വിദ്യാർഥികളെ ആക്രമിച്ചതിനും കേസുണ്ട്. പോളി ആക്രമണ കേസിനെ തുടർന്ന് രാജ്യം വിടാൻ ശ്രമിച്ചപ്പോൾ കരിപ്പൂർ പോലീസിൻ്റെ പിടിയിലായി. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായിരിക്കെ ബൂത്ത് പിടിക്കാൻ ശ്രമിച്ചതിനും, 2020-ലെ പഞ്ചായത്ത് തെരഞ്ഞടുപ്പിൽ എതിർ സ്ഥാനാർഥിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനും കേസുണ്ട്. കെ റെയിൽ വിരുദ്ധ സമരത്തിൻ്റെ മറവിൽ വനിതാ പോലീസിനെയും താഹ ഉമ്മർ ആക്രമിച്ചിരുന്നു.