ഹർത്താൽ ദിനത്തിൽ സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ട പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കർശന നടപടിയുമായി പോലീസ്. ഹർത്താലിൽ ആക്രമണം നടത്തിയ പോപ്പുലർ ഫ്രണ്ടിനെതിരെ രജിസ്റ്റർ ചെയ്തത് 281 കേസുകളാണ്. കേസിൽ 1013 പേർ ഇതുവരെ അറസ്റ്റിലായി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തത്. ഇരുപത്തിയെട്ട് കേസുകളിലായി ഇരുന്നൂറ്റിപതിനഞ്ചു പേരാണ് കോട്ടയത്ത് അറസ്റ്റിലായത്. കൊല്ലം സിറ്റിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇരുപത്തിയേഴ് കേസുകൾ രജിസ്റ്റർ ചെയ്ത കൊല്ലം സിറ്റിയിൽ 169 പേരാണ് അറസ്റ്റിലായത്. 819 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കരുതൽ തടങ്കലിൽ ആക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച നടന്ന ഹർത്താലിൽ സംസ്ഥാനത്താകെ വ്യാപകമായ ആക്രമണങ്ങളാണ് നടന്നത്. നിരവധി വാഹനങ്ങൾ തകർത്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പെട്രോൾ ബോംബും ഉപയോഗിച്ചു. കൊല്ലത്ത് പോലീസുകാർക്ക് നേരെയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. വ്യാഴാഴ്ച രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് പിഎഫ്ഐ ഹർത്താലിന് ആഹ്വാനം ചെയ്തത്.
ഹർത്താലിൽ ആക്രമണം അഴിച്ചുവിട്ട പോപ്പുലർ ഫ്രണ്ടിനെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഹർത്താൽ അക്രമങ്ങൾ ആസൂത്രിതമായി നടപ്പിലാക്കിയതാണെന്നും മുഖംമൂടി ധരിച്ച് നടത്തിയ ആക്രമങ്ങൾ ഇതിൻ്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ കർശന നടപടികളുമായി മുന്നോട്ടു പോയതോടെ ആക്രമണത്തിന് ആഹ്വാനം ചെയ്ത പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കൾ ഒളിവിൽ പോയിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ, സംസ്ഥാന സെക്രട്ടറി സി എ റൗഫ് എന്നിവരാണ് ഒളിവിൽ പോയത്.