ഹർത്താൽ ദിവസം കണ്ണൂർ ജില്ലയിൽ വ്യാപകമായി പെട്രോൾ ബോംബ് ആക്രമണം നടത്തിയത് ആസൂത്രിതമായെന്ന് പോലീസ്. പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കളുടെ കൃത്യമായ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലയുടെ പലഭാഗത്തും പെട്രോൾ ബോംബ് ഉപയോഗിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഹർത്താലിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിനുനേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പെട്രോൾ ബോംബെറിഞ്ഞിരുന്നു. കണ്ണൂർ ഉളിയിൽ നരയൻപാറയിലാണ് സംഭവം. പത്രം കൊണ്ടുപോകുകയായിരുന്ന വാഹനത്തിന് നേരെയാണ് ബോംബെറിഞ്ഞത്. വീടുകൾക്ക് നേരെയും പെട്രോൾ ബോംബാക്രമണം നടന്നു. കണ്ണൂരിൽ സ്കൂട്ടറിൽ പെട്രോൾ ബോംബുമായി പോകുകയായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ വെള്ളിയാഴ്ച പോലീസ് പിടികൂടിയിരുന്നു. മാങ്കടവ് സ്വദേശി അനസാണ് പിടിയിലായത്. കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ കല്യാശ്ശേരിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
എഴുപതോളം കെഎസ്ആർടിസി ബസുകളും ഹർത്താൽ അനുകൂലികൾ ആക്രമിച്ചു. ആക്രമണത്തിൽ 31 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ട്ടം കെഎസ്ആർടിസിക്കുണ്ട്. ഹത്താൽ ദിവസം ജില്ലയിൽ വ്യാപകമായി അക്രമം നടത്തിയ പതിമൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 80 പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതേഅസമയം ഹർത്താലിന് ആഹ്വനം ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഒളിവിലാണ്. സംസ്ഥാന ജനറൽ സെക്രട്ടറി, എ അബ്ദുൾ സത്താർ, സംസ്ഥാന സെക്രട്ടറി സി എ റൗഫ് എന്നിവരാണ് ഒളിവിൽ പോയത്.