കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ അറസ്റ്റിലായ പ്രതികൾ ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ശ്രമിച്ചവരെന്ന് എൻഐഎ. ഇതിനായിട്ടുള്ള ഗൂഢാലോചനകൾ നടന്നത് പ്രതികളുടെ വീടുകളിലും ഓഫിസുകളിലും എന്ന് എൻഐഎ. കേരളത്തിലെ പ്രമുഖരെ കോലപ്പെടുത്താൻ ലക്ഷ്യമിട്ടു. പിടിച്ചെടുത്ത രേഖകളിൽ ഇത് സംബന്ധിച്ച തെളിവുകൾ ഉണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണം. എൻഐഎ കസ്റ്റഡി അപേക്ഷയിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ ആർഎസ്എസിനെതിരെ മുദ്രാവാക്യം വിളിച്ചു. എൻഐഎ ആർഎസ്എസ്സിൻ്റെ ചട്ടുകമാണെന്നും പ്രതികൾ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജൂലായ് 12ന് പട്‌നയിലെ റാലിക്കിടെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ ഇഡിയും ആരോപിച്ചിരുന്നു. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പിന്നാലെയാണ് എൻഐഎയുടെ റിപ്പോർട്ടും പുറത്തുവന്നത്.
മലയാളിയായ ഷഫീഖ് ഖത്തറിൽ ഒരു കമ്പനിയിൽ ജോലി ചെയ്തിരുനെന്നും ഈ ബന്ധങ്ങൾ വഴിയാണ് ഭീകരപ്രവർത്തനങ്ങൾക്കുള്ള പണം സമാഹരിച്ചതെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ആകെ 120 കോടി രൂപ വിദേശത്ത് നിന്നും ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി സമാഹരിച്ചുവെന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു. 45 പേരാണ് നിലവിൽ എൻഐഎയുടെ കസ്റ്റഡിയിലുള്ളത്. ഇഡി നാല് പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. യുപിയിൽ നിന്നുള്ള ചില നേതാക്കളെയും വധിക്കാൻ നീക്കം നടന്നുവെന്നും ഇതിനായി പരിശീലനം നൽകിയെന്നും റിപ്പോർട്ടിലുണ്ട്.