പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കൾ ഒളിവിൽ. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, എ അബ്ദുൾ സത്താർ, സംസ്ഥാന സെക്രട്ടറി സി എ റൗഫ് എന്നിവരാണ് ഒളിവിൽ പോയത്. വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണവും നാശനഷ്ടവും പോപ്പുലർ ഫ്രണ്ട് ഉണ്ടാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ കർശന നടപടിയെടുത്ത് വരികയാണ്. പോപ്പുലർ ഫ്രണ്ടിനെതിരെ ദേശീയ അന്വേഷണ ഏജൻസികൾ കൂടുതൽ തെളിവുകളും ശേഖരിച്ചു വരികയാണ്. ഇതോടെയാണ് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഒളിവിൽ പോയത്.
കഴിഞ്ഞ ദിവസം പതിനഞ്ച് സംസ്ഥാനങ്ങളിലായി 93 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു. എൻഫോയ്സ്മെന്റ് ഡയറട്രേറ്റും എൻഐഎയും സംയുക്തമായി നടത്തിയ റെയ്ഡിൽ 106 പോപ്പുലർ ഫ്രണ്ടുകാരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ മാത്രം 25 നേതാക്കൾ അറസ്റ്റിലായിരുന്നു. അതിനെ തുടർന്നാണ് കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താൽ പ്രഖ്യാപിച്ച പോപ്പുലർ ഫ്രെണ്ടിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖറും കർണാടകാ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും സൂചന നൽകി. ജൂലൈയിൽ ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ ഇഡിയും ആരോപിച്ചിരുന്നു. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ എല്ലാഭാഗത്തും നിന്നും പോപ്പുലർ ഫ്രണ്ടിന് കുരുക്ക് മുറുകുകയാണ്.