കഴിഞ്ഞ ദിവസത്തെ പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹർത്താൽ അക്രമങ്ങൾ ആസൂത്രിതമായി നടപ്പിലാക്കിയതാണെന്നും മുഖം മൂടി ധരിച്ച് നടത്തിയ ആക്രമങ്ങൾ ഇതിൻ്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളാ പൊലീസ് സിനിയർ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടിതമായ ആക്രമണോത്സുകമായ നീക്കങ്ങളാണ് പോപ്പുലർ ഫ്രണ്ടിൽ നിന്നുണ്ടായത്. അടുത്ത കാലത്തൊന്നും ഇല്ലാത്ത അക്രമസംഭവങ്ങളാണ് ഇന്നലെ അരങ്ങേറിയത്. തീർത്തും അപലപനീയമായ നടപടിയാണിത്. അക്രമത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ല. കർശന നടപടി സ്വീകരിക്കും. ഇനിയും അക്രമികളെ കണ്ടെത്താനുണ്ട്, ആരെയും രക്ഷപ്പെട്ടാൻ അനുവദിക്കില്ല
മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യമല്ല നമ്മുടെ നാട്ടിൽ. ഇവിടെയുള്ള വർഗീയ ശക്തികളും കേരളത്തിന് പുറത്തുള്ള വർഗീയ ശക്തികളും തമ്മിൽ വ്യത്യാസമില്ല. പക്ഷെ നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യാൻ പൊലീസിന് സാധിക്കുന്നു എന്നതാണ് പ്രത്യേകത. കേരളത്തിൽ വർഗീയ ശക്തികളെ വിട്ടുവീഴ്ചയില്ലാത ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. എന്നാൽ ചിലർ അവരുമായി സമരസപ്പെടുന്നു. അത് വർഗീയ ശക്തികൾക്ക് പ്രോത്സാഹനമാകുന്നു. ചില ഘട്ടങ്ങളിൽ ചില താൽകാലിക നേട്ടങ്ങൾക്കായി വർഗീയ ശക്തികളുടെ സഹായം തേടാം എന്ന് ചിലർ കരുതുന്നു.
ഇത് നമ്മുടെ നാടിൻ്റെ അനുഭവത്തിലുള്ളതാണ്. ഭൂരിപക്ഷ വർഗീയതയുടെ നയം രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്നു. അത് ന്യൂനപക്ഷത്തെ വേട്ടയാടുന്നു. ഭൂരിപക്ഷ വർഗീയതയെ നേരിടാൻ ന്യൂനപക്ഷ വർഗീയ ഉണ്ടാക്കുന്നത് ശരിയല്ല. ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്, ഇവ രണ്ടും എതിർക്കപ്പെടേണ്ടതാണ്. വർഗീയത ഏതാണെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ല, എതിർക്കപ്പെടേണ്ടതാണ്. തങ്ങൾക്ക് വേണ്ട വർഗീയ ശക്തികൾ അക്രമം നടത്തിയാൽ അതിന് സഹായം ചെയ്യുന്ന നിലപാടാണ് രാജ്യത്ത് കാണുന്നത്. കേരളത്തിൽ ഇത് നടപ്പാകില്ല, ഫലപ്രദമായി അതിനെ നേരിടാൻ പൊലീസിന് സാധിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.