എകെജി സെൻ്റർ ബോംബാക്രമണ കേസിൽ ഒരു യൂത്ത് കോൺഗ്രസ് നേതാവിന് കൂടി പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച്. എകെജി സെൻ്ററിന് നേരെ ബോംബെറിഞ്ഞ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ രക്ഷപ്പെടാൻ സഹായിച്ചത് ഇയാളാണ്. ജിതിന് ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്ന് നേരത്തെ ചിത്രങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ജിതിനെ രക്ഷപ്പെടാൻ സഹായിച്ച ഈ യൂത്ത് കോൺഗ്രസ് നേതാവിനും ഉന്നത കോൺഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
കേസിൽ ഒരാളെക്കൂടി പോലീസ് തിരിച്ചറിഞ്ഞതോടെ എകെജി സെന്റർ ബോംബാക്രമണ കേസിൽ ഉന്നത കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന് കൂടുതൽ വ്യക്തമായി. കേസിൽ അറസ്റ്റിലായ ജിതിൻ അന്വേഷണത്തോട് സഹകരിക്കുന്നില്ല. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയും നൽകുന്നില്ല. കേസിലെ പ്രധാന തെളിവായ സ്കൂട്ടറും ആക്രമണ സമയത്ത് ധരിച്ച വസ്ത്രവും ഷൂസും എവിടെയാണെന്ന് ജിതിൻ ഇനിയും വ്യക്തമാക്കിയിട്ടില്ല. തൊണ്ടിമുതലുകൾ പ്രതി നശിപ്പിച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് കരുതുന്നു. കേസിൽ അറസ്റ്റിലായ ജിതിൻ നേരത്തെ നിരവധി കേസുകളിൽ പ്രതിയാണ്.
ബോംബാക്രമണത്തിൽ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന മറ്റു യൂത്ത് കോൺഗ്രസ് നേതാക്കളും പോലീസ് നിരീക്ഷണത്തിലാണ്. ഇവർക്കെതിരായ കൂടുതൽ തെളിവുകൾ പോലീസ് ശേഖരിച്ചു വരികയാണ്. അതേസമയം പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് കെപിസിസി നേതൃത്വത്തിനുള്ളത്. കേസിൽ അറസ്റ്റിലായ ജിതിൻ യൂത്ത് കോൺഗ്രസ് നേതാവാണെന്ന്, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും സമ്മതിച്ചു.
ജൂൺ മുപ്പതിന് രാത്രിയാണ് സ്കൂട്ടറിൽ എത്തിയ അക്രമി എകെജി സെന്ററിൽ സ്‌ഫോടകവസ്തുവെറിഞ്ഞത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ നിരവധി നേതാക്കൾ എകെജി സെൻ്ററിൽ ഉഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. ആക്രമണം നടത്തിയത് കോൺഗ്രസാണെന്ന് സിപിഎം അന്നേ ആരോപിച്ചിരുന്നു.