പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ബോംബുമായി പിടിയിൽ. ഹർത്താലിനിടെ കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പോലീസ് പിടിയിലായത്. മാങ്കടവ് സ്വദേശി അനസാണ് പിടിയിലായത്. സ്കൂട്ടറിൽ പെട്രോൾ ബോംബുമായി പോകുമ്പോൾ സംശയം തോന്നിയ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ കല്യാശ്ശേരിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രക്ഷപ്പെട്ടു.
ഇന്ന് രാവിലെ കണ്ണൂർ ഉളിയിൽ നരയൻപാറയിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിനുനേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പെട്രോൾ ബോംബെറിഞ്ഞിരുന്നു. മറ്റു സ്ഥലങ്ങളിലും കെഎസ്ആർടിസിക്ക് നേരെയും സ്വകാര്യ വാഹനങ്ങൾക്ക് നേരെയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമണം നടത്തി. കൊല്ലം പള്ളിമുക്കിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയും ആക്രമിച്ചു.
കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. പതിനഞ്ച് സംസ്ഥാങ്ങളിലായി നടന്ന റെയ്ഡിൽ 106 പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിലായിരുന്നു. റെയ്ഡിനെ തുടർന്നാണ് പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വനം ചെയ്തത്.