കൊച്ചി : ഏഴു ദിവസത്തെ നോട്ടീസില്ലാത്ത മിന്നൽ ഹർത്താലാഹ്വാനങ്ങൾ റിപ്പോർട്ടു ചെയ്യുമ്പോൾ, അവ കോടതിയുത്തരവിൻ്റെ ലംഘനമാണെന്ന കാര്യം കൂടി ജനങ്ങളെ അറിയിക്കണമെന്ന് മാധ്യമങ്ങളോട് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ടിനെതിരെ സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തു കൊണ്ടുള്ള ഹൈക്കോടതി വിധിയിലാണ് ഈ നിർദ്ദേശം. ഹർത്താലാഹ്വാനം റിപ്പോർട്ടു ചെയ്തപ്പോൾ ഇതുസംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച കോടതിവിധിയുമായി ബന്ധപ്പെട്ട ഒരു കാര്യവും മാധ്യമങ്ങൾ പരാമർശിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായ മിന്നൽ ഹർത്താലുകൾക്കെതിരെ ഭാവിയിലെങ്കിലും പൊതുബോധം ശക്തിപ്പെടാൻ ഇത്തരം റിപ്പോർട്ടിംഗ് രീതിയിലൂടെ സാധ്യമാകുമെന്നാണ് കോടതി പ്രതീക്ഷിക്കുന്നത്. ഹർത്താൽ അനുകൂലികൾ അക്രമത്തിനു മുതിരുന്നുണ്ടെങ്കിൽ അത്തരം സംഭവങ്ങളുടെയും നാശനഷ്ടങ്ങളുടയും റിപ്പോർട്ട് ഹൈക്കോടതിയിക്ക് നൽകണമെന്ന് പോലീസിനു നിർദ്ദേശവും ഉത്തരവിൽ നൽകിയിട്ടുണ്ട്.
നിയമവിരുദ്ധമായ മിന്നൽ ഹർത്താൽ ആഹ്വാനത്തെത്തുടർന്ന് പോപ്പുലർ ഫ്രണ്ടിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.