ആക്രമണത്തിൽ ഭയന്ന് കെഎസ്ആർടിസി സർവ്വീസ് നിർത്തിവെക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. ജനങ്ങളെ വലക്കുന്ന ഏർപ്പാടിലേക്ക് കെഎസ്ആർടിസി പോകില്ല. യാത്രാസൗകര്യം ഒരുക്കുകയെന്നത് കെഎസ്ആർടിസിയുടെ ബാധ്യതാണെന്നും എന്ത് പ്രതിസന്ധിയുണ്ടായാലും നേരിടുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആക്രമണത്തിൻ്റെ പേരിൽ വ്യാപകമായി സർവ്വീസ് നിർത്തിവെക്കേണ്ടതില്ല. നിയമത്തിൻ്റെ വഴിയേ നീങ്ങും. ആക്രമണത്തിൽ 70 കെഎസ്ആർടിസി തകർത്തതിൽ 31 ലക്ഷം രൂപയോളം നാശനഷ്ടമുണ്ടായി. നഷ്ടപരിഹാരം സമ്പൂർണ്ണമായും അവരിൽ നിന്നും ഈടാക്കും. യാത്രക്കാരുണ്ടെങ്കിൽ സർവ്വീസ് നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളെ വലക്കുന്ന ഏർപ്പാടിലേക്ക് കെഎസ്ആർടിസി പോകില്ല. പരീക്ഷകൾ നടക്കുന്നുണ്ട്. ഇൻ്റർവ്യൂകൾ പലതും മാറ്റിവെച്ചിട്ടില്ല. യാത്രാസൗകര്യം ഒരുക്കുകയെന്നത് കെഎസ്ആർടിസിയുടെ ബാധ്യതാണ്. എന്ത് പ്രതിസന്ധിയുണ്ടായാലും നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമങ്ങളാണ് കെഎസ്ആർടിസിക്ക് നേരെയുണ്ടാകുന്നത്. കണ്ണൂരിൽ കെഎസ്ആർടിസി ബസിനു നേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പെട്രോൾ ബോംബെറിഞ്ഞു. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കൊല്ലം, വയനാട്, പത്തനംത്തിട്ട, തൃശൂർ ജില്ലകളിൽ കെഎസ്ആർടിസി ബസുകളുടെ ജില്ലകൾ ഹർത്താൽ അനുകൂലികൾ തകർത്തു. കെഎസ്ആർടിസിക്ക് പുറമെ മറ്റു സ്വകാര്യ വാഹനങ്ങളും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുന്നുണ്ട്. കൊല്ലം പള്ളിമുക്കിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും ഹർത്താൽ അനുകൂലികൾ ആക്രമിച്ചു.