എകെജി സെന്റർ ബോംബാക്രമണ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായ സാഹചര്യത്തിൽ പ്രതികരണവുമായി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് പിയിലായതായി മാധ്യമങ്ങൾ പറഞ്ഞതല്ലാതെ യൂത്ത് കോൺഗ്രസിന് കൺഫോം ന്യൂസ് ലഭിച്ചിട്ടില്ല എന്നായിരുന്നു ഷാഫി പറമ്പിലിൻ്റെ പ്രതികരണം. എന്നാൽ ക്രൈംബ്രാഞ്ചിൻറെ കസ്റ്റഡിയിലുള്ള ജിതിൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസിൻ്റെ പല നേതാക്കന്മാരെയും ഈ കേസിൽ ഇടയ്ക്കിടയ്ക്ക് പ്രതി ചേർക്കാറുണ്ട്. ഇപ്പോഴത്തെ കസ്റ്റഡിക്ക് പിന്നിലുള്ളത്, രാഹുൽ ഗാന്ധിയുടെ യാത്രക്ക് കേരളം നൽകുന്ന സ്വീകാര്യതയുടെ അസ്വസ്ഥതയാണ്. കേസന്വേഷണത്തിൽ തിണ്ണമിടുക്കും രാഷ്ട്രീയ ബുദ്ധിയുമല്ല കാണിക്കേണ്ടതെന്നും അന്വേഷണത്തിലൂടെ നീതിയും സത്യവുമാണ് പുറത്ത് വരേണ്ടതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനാണ് ആക്രമണ കേസിൽ പിടിയിലായത്. ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്. കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ. രാവിലെ 9 മണിക്ക് ജിതിൻ്റെ വീട്ടിൽവച്ചായിരുന്നു ഇയാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കി. എകെജി സെന്റർ ആക്രമണ കേസിൽ പൊലീസിൻ്റെ പിടിവീഴാതിരിക്കാൻ ആസൂത്രിതമായിട്ടായിരുന്നു ജിതിൻ ഓരോ നീക്കങ്ങളും നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.
സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്ന കാര്യം കൂടുതൽ വ്യക്തമായെന്നും കോൺഗ്രസിൻ്റെ പ്രചരണ വേലകൾ പൊളിഞ്ഞെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും വ്യക്തമാക്കി.