എകെജി സെൻ്റര്‍ ആക്രമണ കേസ് പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ജിതിന്‍ പൊലീസിൻ്റെ പിടിവീഴാതിരിക്കാന്‍ ആസൂത്രിതമായിട്ടായിരുന്നു ഓരോ നീക്കങ്ങളും നടത്തിയത്. സ്‌ഫോടക വസ്തുവെറിഞ്ഞത് ഡിയോ സ്‌കൂട്ടറിലെത്തിയായിരുന്നെങ്കിലും ആക്രമണം നടത്തി രക്ഷപ്പെട്ടത് കാറിലായിരുന്നു. പൊലീസ് ഡിയോ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് മനസിലാക്കിയ ഇയാള്‍ സ്‌കൂട്ടറില്‍ ഗൗരീശപട്ടത്തെത്തി. പിന്നീട് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഈ കാര്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
തനിക്കെതിരെ പൊലീസ് അന്വേഷണം നീങ്ങുന്നുവെന്ന് മനസിലാക്കിയ ജിതിന്‍ ഫോണിലെ വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ സൈബര്‍ തെളിവുകള്‍ അതിന് മുന്‍പായി പൊലീസിന് ലഭിച്ചിരുന്നു. ഇന്ന് രാവിലെയാണ് ജിതിനെ ക്രൈംബ്രാഞ്ച് പിടികൂടുന്നത്.
ജൂൺ മുപ്പതിന് രാത്രിയാണ് സ്കൂട്ടറിൽ എത്തിയ അക്രമി എകെജി സെന്ററില്‍ സ്‌ഫോടകവസ്തുവെറിഞ്ഞത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ നിരവധി നേതാക്കൾ എകെജി സെൻ്ററിൽ ഉഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. ആക്രമണം നടത്തിയത് കോൺഗ്രസാണെന്ന് സിപിഎം അന്നേ ആരോപിച്ചിരുന്നു.