മധു വധക്കേസിൽ രണ്ട് സാക്ഷികൾകൂടി കൂറുമാറി. അൻമ്പത്തിയഞ്ചാം സാക്ഷി ബിനുവും അൻമ്പത്തിഴേയാം സാക്ഷി മുഹമ്മദ് ജാസിമുമാണ് മൊഴിമാറ്റിയത്. ഇതോടെ കേസിൽ കൂറുമാറിയ ആളുകളുടെ എണ്ണം ഇരുപത്തിനാലായി. മഹസറിൽ ഒപ്പിട്ട സാക്ഷിയാണ് ബിനു. ഇയാൾ കേസിലെ രണ്ട് പ്രതികളുടെ സഹോദരൻ കൂടിയാണ്.
ആദ്യ മുപ്പത് സാക്ഷികളുടെ മൊഴികളായിരുന്നു കേസിൽ പ്രധാനം. ഇതിൽ ഭൂരിഭാഗം പേരും നേരത്തെ മൊഴിമാറ്റിയിരുന്നു. കൂറുമാറിയ സാക്ഷികളെ പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചിതായി പ്രോസിക്യൂഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾ മൊഴിമാറ്റിയ സാക്ഷികളെ ഫോണിൽ വിളിച്ചതിൻ്റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ മുൻപ് മൊഴിമാറ്റി പറഞ്ഞ വനം വകുപ്പിലെ നാല് താത്കാലിക വാച്ചർമാരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.