കാലിക്കറ്റ് സർവകലാശാലയ്ക്ക് നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ പ്ലസ് ഗ്രേഡിംഗ് ലഭിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരം ഉയർത്തുന്നതിനുവേണ്ടി യു ജി സിയുടെ മുൻകൈയിൽ നടന്ന നാലാമത് പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സർവകലാശാല ചരിത്രനേട്ടം സ്വന്തമാക്കിയത്. നാലിൽ 3 .45 പോയിന്റ് നേടിയാണ് കാലിക്കറ്റ് സർവകലാശാല എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയത്. സംസ്ഥാനത്ത് നാലാമത്തെ തവണ നാക് പരിശോധനകൾക്ക് വിധേയമാകുന്ന ആദ്യ സർവകലാശാലയാണ് കാലിക്കറ്റ്.
ഏഴ് വ്യത്യസ്ത മാനദണ്ഡങ്ങൾ വിശകലനം ചെയ്‌താണ് നാക് സംഘം ഗ്രെയ്‌ഡ് തീരുമാനിക്കുന്നത്. ഇന്ത്യയിലെ മികച്ച സർവകലാശാലകളുടെ നിരയിലേക്ക് ഉയരാനുള്ള വിഭവ ശേഷി കാലിക്കറ്റ് സർവകലാശാലക്കുണ്ടെന്നും നാക് പിയർ ടീം വിലയിരുത്തി. മികച്ച ഗ്രേഡ് നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, പിയർ ടീം ചൂണ്ടിക്കാണിച്ച നിർദേശങ്ങൾ നടപ്പിലാക്കി മികച്ച യൂണിവേഴ്‌സിറ്റി യായി മാറാനുള്ള പരിശ്രമങ്ങൾക്ക് തുടക്കം കുറിക്കുമെന്നും വൈസ് ചാൻസിലർ പ്രൊഫ. എം കെ ജയരാജ് പറഞ്ഞു.