കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശി തരൂർ എം പിയുടെ തീരുമാനത്തിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രംഗത്ത്. ശശി തരൂരിൻ്റെ സ്ഥാനാർത്ഥിത്വം ഗൗരവത്തോടെ കാണുന്നില്ലെന്ന് ലോക്സഭാഗവും കെപിസിസി വർക്കിങ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തീരുമാനം ശശി തരൂർ ഒറ്റയ്ക്കെടുത്തതാണ്. പാർട്ടി നേതൃത്വവുമായി കൂടിയാലോചന നടന്നിട്ടില്ല. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് തൻ്റെയും കെപിസിസിയുടെയും നിലപാട്. അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കുന്നില്ലെങ്കിൽ എഐസിസി ആഗ്രഹിക്കുന്ന ഒരാൾ ആ സ്ഥാനം ഏറ്റെടുക്കുമെന്നും മുൻ മന്ത്രികൂടിയായ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
അതേസമയം നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ കേരളത്തിലെ കോൺഗ്രസിൻ്റെ പിന്തുണയുണ്ടാകൂയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപിയും വ്യക്തമാക്കി. പത്രിക നൽകുന്നവരെല്ലാം മത്സരിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ പതിനേഴിനാണ് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഒക്ടോബർ പത്തൊൻമ്പത്തിന് വോട്ടെണ്ണൽ.
നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മനസാക്ഷി വോട്ട് ചെയ്യുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് വ്യക്തമാക്കിയിരുന്നു. എന്നാൽ കോൺഗ്രസിലെ തിരുത്തൽ വാദി വിഭാഗമായ ജി-23 നേതാവ് ശശി തരൂരിനെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവന വിവാദമായി. ഇതോടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മുമ്പ് കെ സുധാകരൻ പ്രസ്താവന തിരുത്തുകയായിരുന്നു.