തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മാനസിക വിഭ്രാന്തിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ചരിത്ര കോണ്‍ഗ്രസ് അലങ്കോലമായത് ഗവര്‍ണറുടെ പ്രസംഗം കാരണമാണ്. മുഖ്യമന്ത്രി കത്തു നല്‍കിയത് ദൗത്യനിര്‍വഹണത്തിൻ്റെ ഭാഗമായാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രായത്തിനനുസരിച്ചുള്ള പക്വതയോ വിദ്യഭ്യാസത്തിനനുസരിച്ചുള്ള പാകതയോ ഒരു ഭരണ തന്ത്രജ്ഞൻ എന്ന നിലയിലുള്ള ഉത്തരവാദിത്വബോധമോ ഒന്നും നിർവഹിക്കാതെ അദ്ദേഹം എന്തൊക്കെയോ വിളിച്ചുപറയുന്നതായിട്ടാണ് ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞതെന്ന് ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. തൊണ്ണൂറ് വയസുകാരനായ ലോകപ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബിനെയാണ് ഗവർണർ തെരുവ് ഗുണ്ടാ എന്ന് വിശേഷിപ്പിച്ചത് അദ്ദേഹത്തിന് എന്താണ് സംഭവിക്കുന്നതെന്ന് കേരളത്തിലെ ജനങ്ങൾക്ക് പോലും അറിയില്ലയെന്ന് ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
35 വര്‍ഷത്തോളം ആര്‍എസ്എസ് ബന്ധമുള്ള ആളാണ് താന്‍ എന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന് സംഭവിച്ചിട്ടുള്ള മാനസിക അസ്വാസ്ഥ്യം എന്താണെന്നുള്ളത് ബന്ധപ്പെട്ടവര്‍ പരിശോധിക്കുന്നത് നല്ലതാണ്. ഗവര്‍ണര്‍ സ്വമേധയാ ഗവര്‍ണര്‍ പദവിയില്‍നിന്ന് രാജിവെച്ച് പോകുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.