ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസിൻ്റെ വിനീത ദാസനാണെനന്നായിരുന്നു സിപിഎം സംസ്ഥാന കമ്മറ്റി അംഗം കൂടിയായ എംവി ജയരാജൻ്റെ വിമർശനം. രാജ്ഭവൻ ആർഎസ്എസിൻ്റെ കാര്യാലയമാക്കി മാറ്റിയതിൽ ശക്തമായ ജനകീയ പ്രതിഷേധം നിലനിൽക്കുമ്പോഴാണ് ഗവർണർ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കൂടികാഴ്ച്ച നടത്തിയത്. എന്തിനായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് വ്യക്തമാക്കാനുള്ള ബാധ്യത ഗവർണർക്കും ആർഎസ്എസ് മേധാവിക്കും ഉണ്ടെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
സർക്കാർ ചെലവിൽ അസാമിലെ ഗുവാഹത്തിയിൽ നടക്കുന്ന ആർഎസ്എസിൻ്റെ ലോക്മന്ഥൻ പരിപാടിയിൽ ഗവർണർ പങ്കെടുക്കുമെന്ന് റിപ്പോർട്ട് വന്നു കഴിഞ്ഞു. തൃശ്ശൂരിൽ ആർഎസ്എസ് മേധാവിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ആ തീരുമാനമുണ്ടായത്. ആർഎസ്എസ് സംഘടനകളിൽ ഒന്നായ പ്രജ്ഞാപ്രവാഹാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതിൻ്റെ തലവൻ ജെ നന്ദകുമാറാണ്. ആരിഫ് മുഹമ്മദ് ഖാൻ തുടർച്ചയായി ആർഎസ്എസ് പ്രീണന നിലപാട് സ്വീകരിക്കുന്നത് സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണെന്ന് ഉറപ്പാണ്. ആർഎസ്എസ് ബിജെപി നേതാക്കളെക്കാൾ തീവ്രമായാണ് ആരിഫ് മുഹമ്മദ്ഖാൻ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത് എന്നും ജയരാജൻ കുറിച്ചു.
ഗവർണർക്ക് ശമ്പളം നൽകുന്നത് സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നാണ്. ഗവർണർ പദവി ആർഎസ്എസിൻ്റെ സഹ സംഘചാലക് പദവിയല്ല, ഭരണഘടനാ പദവിയാണ്. ആർഎസ്എസിൻ്റെ കാര്യാലയത്തിൽ പോകുന്നതുപോലെ തന്നെയാണ് അതിൻ്റെ മേധാവിയുമായുള്ള രഹസ്യകൂടിക്കാഴ്ചയും, ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതും. അജണ്ട വളരെ വ്യക്തമാണ്. അതേ നാണയത്തിൽ തിരിച്ചടിക്കാൻ യുക്തിബോധമുള്ളവർക്ക് സാധിക്കില്ല. ‘പന്നികളോട് മൽപിടുത്തത്തിന് പോകരുത്’ എന്ന് ജോർജ്ജ് ബർണാഡ്ഷാ പറഞ്ഞത് എത്ര അന്വർത്ഥം എന്നും ജയരാജൻ കൂട്ടിച്ചേർത്തു.
1 Comment
Pingback: ഗവർണർക്ക് മാനസിക വിഭ്രാന്തി; തുറന്നടിച്ച് ഇ പി - T21 Media