പ്രസംഗങ്ങളിൽ സൂക്ഷ്മത പുലർത്തണമെന്ന് കെ എം ഷാജിക്ക് താക്കീത് നൽകി ലീഗ് നേതൃത്വം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് ഷാജിക്ക് താക്കീത് നൽകിയത്. കെ എം ഷാജിയെ പണക്കാട്ടേക്ക് വിളിച്ചുവരുത്തിയാണ് താക്കീത് നൽകിയത്. പാർട്ടി വേദികളിൽ എന്തും പറയാം, എന്നാൽ പൊതുവേദികളിൽ സൂക്ഷ്മത പാലിക്കണമെന്നായിരുന്നു നിർദേശം. പാണക്കാട്ട് നടന്ന ചർച്ചയിൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമും ആബിദ് ഹുസൈൻ തങ്ങളും പങ്കെടുത്തിരുന്നു. നേതൃത്വത്തിനും ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിക്കുമെതിരെ പരസ്യ വിമർശനങ്ങൾ നടത്തിയ പശ്ചാത്തലത്തിലാണ്, കെ എം ഷാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. കെ എം ഷാജിയുടെ മറുപടി തൃപ്തികരമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ജിദ്ദയിൽ നടന്ന കെ എം സി സി യോഗത്തിലാണ് പാർട്ടി നേതൃത്വത്തിനെതിരെയും കുഞ്ഞാലിക്കുട്ടിക്കെതിരെയും ഷാജി വിമർശനം ഉന്നയിച്ചത്. തുടർന്ന് മലപ്പുറത്ത് ചേർന്ന മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ കെ എം ഷാജിക്കെതിരെ മുതിർന്ന നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലാണ് കെ എം ഷാജി പൊതുവേദികളിൽ പ്രസംഗിക്കുന്നത്. ലീഗിനെയും നേതാക്കളെയും അപമാനിക്കുന്ന തരത്തിലും കെ എം ഷാജി പതിവായി പ്രസംഗിക്കുന്നു. ഈ പ്രസംഗം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാൻ കെ എം ഷാജി ശ്രമിച്ചു. ഷാജിക്കെതിരെ നടപടിയെടുക്കണമെന്നും ലീഗ് പ്രവർത്തക സമിതിയിൽ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.