അസൂയപ്പെടുത്തും വിധം ധീരനാണ് മനോരമ ഓൺലൈനിലെ ഡി ജയകൃഷ്ണൻ. ധീരനെന്നുവെച്ചാൽ കൊടൂര ധീരൻ. ആ ധീരതയ്ക്കു മുന്നിൽ വിസ്മയിച്ചു നിൽക്കുകയാണ് മാധ്യമ ലോകം. ഏതു നിമിഷവും ഊക്കനൊരു അവാർഡ് അദ്ദേഹത്തെ തേടിയെത്താം.
അമിത് ഷായുടെ തുടലിൽ കിടന്ന് ആരിഫ് മുഹമ്മദ് ഖാൻ പിണറായി വിജയനുനേരെ കുരച്ചു ചാടുമ്പോൾ മനോരമയ്ക്ക് ഹരം കയറുക സ്വാഭാവികം. മൂപ്പിക്കാനുള്ള എല്ലിൻകഷണമോ ഇറച്ചിത്തുണ്ടോ ഖാന്റെ പൂർവാശ്രമത്തിൽ നിന്നും സംഘടിപ്പിക്കാൻ പറ്റുമോ എന്നന്വേഷിച്ചാണ് ഡി ജയകൃഷ്ണൻ കളത്തിലിറങ്ങിയത്.
കണ്ണാടിവെച്ച് ഭൂതം പരിശോധിച്ചപ്പോൾ സംഭവബഹുലമാണ് ആരിഫിന്റെ ജീവിതം. ഇഎംഎസ് വരെ ആരിഫ് മുഹമ്മദ് ഖാനെക്കുറിച്ച് നല്ലതു പറഞ്ഞിട്ടുണ്ട്. ഡെസ്കിലിരുന്ന ശിങ്കത്തിന് തലക്കെട്ടെഴുതി കൂവാൻ അതു മതിയായിരുന്നു. അതിയാനൊരു തലക്കെട്ടങ്ങ് ചാമ്പി. അന്ന് ഇംഎംഎസിന് ‘കണ്ണിലുണ്ണി’; ഇന്നു കരട്: പിണറായിക്ക് ഗവർണർ ‘ചെക്ക്’ വയ്ക്കുമ്പോൾ!…
ജനതാദളിൽ നിന്ന് ചാടി ബിജെപിയിൽ ചേക്കേറിയ പുള്ളിക്കാരൻ സിപിഎമ്മിന് കരടായതിൽ അത്ഭുതമെന്ത് എന്നൊന്നും ചിന്തിക്കരുത്. വൺസ് അപ്പോൺ എ ടൈം ഖാൻ ഇഎംഎസിന് കണ്ണിലുണ്ണിയായിരുന്നു. അതിലാണ് ഹൈ ലൈറ്റ്. മനോരമയിലെഴുതുമ്പോൾ മനോരമയിലാണെന്നോർമ്മിച്ച് എഴുതണം.
കഥയങ്ങനെ രസം പിടിച്ചു വായിച്ചു വന്നപ്പോഴാണ് ജയകൃഷ്ണന്റെ അപാരധീരത മനോരമയുടെ ഉരുക്കുകമ്പളം ഭേദിച്ച് തുളച്ചു കയറിയത്. ഈ ചരിത്രമൊക്കെ മനോരമയിലെഴുതണമെങ്കിൽ ചില്ലറയൊന്നും പോരല്ലോ ധൈര്യം.
സംഗതിയിങ്ങനെയാണ്…. കോൺഗ്രസിലുണ്ടായിരുന്നപ്പോൾ ഖാൻ അവർകൾ രാജീവ് ഗാന്ധിയെ തീപ്പൊരി ഭാഷയിൽ വിമർശിച്ചു. സ്വാഭാവികമായും ഖാനെതിരെ കോൺഗ്രസ് സംഘടനാ നടപടിയെടുത്തു പുറത്താക്കി… പിന്നീടുള്ള സംഭവം ഡി ജയകൃഷ്ണൻ എഴുതിയത് വായിച്ചു ഞെട്ടുക…
പുറത്താക്കപ്പെട്ടതിൻ്റെ തൊട്ടടുത്ത ദിവസം വധശ്രമം ഉണ്ടായതോടെ കൂട്ടത്തിൽ പുറത്താക്കിയവരെക്കാൾ ആരിഫ് വാർത്താതാരമായി. ഡൽഹിയിലെ സുൻഹരിബാഗിലെ ആരിഫിൻ്റെ വീടിനുനേരേ മൂന്നുതവണ ആക്രമണം നടത്തിയ ചില യുവാക്കൾ മൂന്നാം തവണ വെടിവയ്ക്കുകയും ആരിഫിനെ കയേറ്റം ചെയ്യുകയും ചെയ്തു.
വെഞ്ഞാറമൂട് സുരാജ് സിനിമയിൽ ചോദിച്ചതുപോലെ…. എങ്ങനെ…. എങ്ങനെ… യെങ്ങനെയെങ്ങനെ….
രാജീവ് ഗാന്ധിയെ വിമർശിച്ച കുറ്റത്തിന് ആരിഫ് മുഹമ്മദ് ഖാനെ കോൺഗ്രസുകാർ വധിക്കാൻ ശ്രമിച്ചത്രേ. മൂന്നു തവണ വീടിനു നേരെ ആക്രമണം നടത്തിയത്രേ. മൂന്നാം തവണ വെടിവെച്ചത്രേ…. രാജീവിനെ വിമർശിച്ച ഖാന് കോൺഗ്രസ് വിധിച്ച ശിക്ഷ അതായിരുന്നു. അല്ലാതെ പിണറായിയെപ്പോലെ പത്രസമ്മേളനം വിളിച്ച് ആരോപണത്തിന് മറുപടി പറയുന്ന ധാർഷ്ട്യവും ധിക്കാരവുമൊന്നും കോൺഗ്രസ് കാണിക്കില്ല. തറവാട്ടിൽ പിറന്ന പാർട്ടിയല്ലേ. അതിനൊക്കെ സമയം കളയാൻ അവർക്കെവിടെയാ നേരം. ഒൺലി അടി, കുത്ത്, വെടിയുണ്ട….
ശരി. അന്ന് ഇഎംഎസിൻ്റെ കണ്ണിലുണ്ണിയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. സമ്മതിച്ചു. ഇന്ന് ആർഎസ്എസ് പാളയത്തിലെത്തിയപ്പോൾ അദ്ദേഹം ഇഎംഎസിന്റെ പാർടിയുടെ കരടായി മാറുകയും ചെയ്തു. അതും സമ്മതിച്ചു.
പക്ഷേ, മറുവശത്ത് കോൺഗ്രസിൻ്റെ കാര്യമോ? ആരിഫിന് അന്ന് രാജീവ് വിധിച്ചത് വെടിയുണ്ട…. ഇന്ന് കോൺഗ്രസിൻ്റെ കണ്ണിലുണ്ണി; സുധാകരനും സതീശനും ഗവർണറെ താങ്ങിപ്പിടിക്കുമ്പോൾ എന്നൊരു തലക്കെട്ടല്ലേ ആരിഫ് മുഹമ്മദ് ഖാൻ്റെ ജീവചരിത്രത്തിന് കൂടുതൽ പാകം.
അങ്ങനെ ചിന്തിക്കുന്നവരെ കുറ്റം പറയാൻ പറ്റില്ല. പക്ഷേ, വായനക്കാരെക്കൊണ്ട് അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചതിന് ജയകൃഷ്ണന് എന്തു ശിക്ഷയാണാവോ മനോരമ വിധിക്കുക?