മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസിന് മറുപടിയുമായി എം കെ മുനീർ എംഎൽഎ. വടവൃക്ഷത്തിലെ കസർത്തുകളി ഫിറോസ് ഉൾപ്പെടെ എല്ലാവർക്കും ബാധകമാണെന്നുമായിരുന്നു മുനീറിൻ്റെ പ്രതികരണം.
മുസ്ലിം ലീഗ് ഒരു വടവൃക്ഷമാണെന്നും യൂത്ത് ലീഗ് ആ വടവൃക്ഷത്തിന്റെ തണലിൽ ഉറച്ച് നിൽക്കുമെന്നും പി കെ ഫിറോസ് പറഞ്ഞിരുന്നു. വടവൃക്ഷത്തിന്റെ കൊമ്പിൽ കയറി കസർത്ത് കളിക്കാൻ ചിലർ ശ്രമിക്കുകയാണ്. എന്നാല്‍ കൊമ്പിൽ നിന്ന് താഴെ വീണാൽ പരിക്കേൽക്കുന്നത് വീഴുന്നവർക്കാവുമെന്നും പി കെ ഫിറോസ് പറഞ്ഞു. മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലെ വിമര്‍ശനത്തില്‍ കെഎം ഷാജിയുടെ പ്രതികരണത്തിന് പിന്നാലെയായിരുന്നു ഫിറോസിന്റെ മറുപടി.
നേരത്തെ ലീഗ് നേതൃത്വത്തിനെതിരെ കെ എം ഷാജി രംഗത്തുവന്നിരുന്നു. ലീഗ് നേതൃത്വത്തിന് അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും അത് ചില കാര്യങ്ങൾ നേടാനാണെന്നുമുള്ള ആന്തരികാർത്ഥത്തിലാണ് മുസ്ലിം ലീഗ് നേതൃത്വത്തെ ഷാജി വിമർശിച്ചത്. ഡിപ്ലോമാറ്റിക് സൗഹൃദങ്ങളെ കുറിച്ച് സംസാരിക്കാറുള്ള കുഞ്ഞാലിക്കുട്ടിക്കെതിരെയായിരുന്നു ഷാജിയുടെ വിമർശനം. മൗനം കൊണ്ട് കീഴടക്കുകയും പുകഴ്ത്തി പറഞ്ഞ് കാര്യങ്ങൾ നേടുകയും ചെയ്യുന്നതിൻ്റെ പേരല്ല ഡിപ്ലോമാറ്റിക് റിലേഷൻഷിപ്. നോ പറയേണ്ടിടത് നോ പറയലാണ് ഡിപ്ലോമാറ്റിക് റിലേഷൻഷിപ്. ഏതെങ്കിലും ഒരു തുരംഗ സൗഹൃദത്തിൻ്റെ പേരിൽ ബലികൊടുക്കേണ്ടി വന്നാൽ അതിനെ ഡിപ്ലോമസി എന്ന് പറയാനാകില്ല. പകരം അത് ഭീരുത്വമാണ്, കൂട്ടികൊടുപ്പാണ്. അത് രക്തസാക്ഷികളെ ഒറ്റുകൊടുക്കലാണെന്നു കെ എം ഷാജി പറഞ്ഞിരുന്നു. ജിദ്ദയിലെ കെ എം സി സി യോഗത്തിലായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഷാജി തുറന്നടിച്ചത്.