രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വെബ്സൈറ്റിൽ ബിജെപിക്കെതിരെ ഒരു വാക്കുപോലുമില്ല. ബിജെപിക്കെതിരെയാണ് ഭാരത് ജോഡോ യാത്രയെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വാദം. എന്നാൽ ബിജെപിക്കെതിരെ വെബ്സൈറ്റിൽ ഒരക്ഷരം പോലും ഇല്ലാതായതോടെ ഭാരത് ജോഡോ യാത്രയ്ക്കെതിരെ വിമർശനം ശക്തമാകുകയാണ്.
അതേസമയം ഭാരത് ജോഡോ യാത്രയുടെ ദേശീയ തലത്തിലുള്ള ഔദ്യോഗിക വെബ്സൈറ്റിൽ യാത്രയുടെ ഉദ്ദേശം പോലും വ്യക്തമാക്കിയിട്ടില്ല. ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യം മാത്രമാണ് വെബ്സൈറ്റിലുള്ളത്. ഒപ്പം ജാഥ കടന്നുപോയ വഴികളിലെ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും. ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യങ്ങൾ വർഗീയതയ്ക്കും വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ ദേശീയ തലത്തിലെ വെബ്സൈറ്റിൽ ഈ മുദ്രാവാക്യങ്ങളും ഇല്ല. ഇന്ത്യ ഒന്നിക്കണം എന്ന് പറയുമ്പോഴും ആർക്കെതിരെ ഏത് വിഷയത്തിലാണ് ഒന്നിക്കേണ്ടതെന്നും വെബ്സൈറ്റിൽ ഇല്ല.
നേരത്തെയും ഭാരത് ജോഡോ യാത്രയ്ക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ബിജെപിക്കെതിരാണെന്ന് പറയുമ്പോഴും ബിജെപിക്ക് ഒരു സീറ്റുപോലും ഇല്ലാത്ത കേരളത്തിൽ പതിനെട്ട് ദിവസവും, ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ രണ്ടു ദിവസവുമാണ് ഭാരത് ജോഡോ യാത്ര പര്യടനം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ സിപിഎം ഉൾപ്പടെയുള്ള സംഘടനകളുടെ വിമർശനത്തെ തുടർന്ന് ഉത്തർപ്രദേശിലെ പര്യടനം അഞ്ച് ദിവസമായി പുനർക്രമീകരിക്കുകയായിരുന്നു.
ഇടതു മുന്നണി ഭരിക്കുന്ന കേരളത്തിൽ പര്യടനം 18 ദിവസവും ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ രണ്ട് ദിവസവും പര്യടനം നടത്തുന്ന യാത്ര ഇന്ത്യയെ ഒന്നിപ്പിക്കാനാണോ അതോ ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ കോൺഗ്രസിൻ്റെ സീറ്റുകൾ മാത്രം ഒന്നിപ്പിക്കാനാണോ, ബിജെപി-ആർഎസ്എസിനെതിരെയുള്ള പോരാട്ടത്തിൻ്റെ വിചിത്ര വഴി എന്നായിരുന്നു സിപിഎം വിമർശനം.