കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കൊയിലാണ്ടി കോൺഗ്രസിലാണ് പൊട്ടിത്തെറിയുണ്ടായത്. മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുമെന്നാണ് സൂചന. കെപിസിസി അംഗങ്ങളുടെ ലിസ്റ്റ് പുറത്തു വന്നതിന് പിന്നാലെയാണ് പ്രശ്നം രൂക്ഷമായത്. അർഹരായവരെ തഴഞ്ഞ് ഗ്രൂപ്പ് നേതൃത്വം ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നാണ് ആരോപണം. അതേസമയം പ്രശ്നം പരിഹരിക്കാൻ ഡിസിസി ശ്രമം ആരംഭിച്ചു.
ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ താൽപ്പര്യത്തിനനുസരിച്ചാണ് പാർട്ടി കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നും ആരോപണമുണ്ട്. പാർട്ടിയിലെ തർക്കം വിശദീകരിക്കാനായി നേതാക്കൾ ഇന്ന് വാർത്താ സമ്മേളനം വിളിച്ചിരുന്നെങ്കിലും ഡിസിസി ഇടപെടലിനെ തുടർന്ന് വാർത്താ സമ്മേളനം മാറ്റിവെക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിനായി നേതാക്കളെ ഡിസിസി നേതൃത്വം ചർച്ചയ്ക്ക് വിളിച്ചു. ചർച്ചയ്ക്ക് ശേഷമാകും നേതാക്കളുടെ പരസ്യ പ്രതികരണമുണ്ടാകുക. രണ്ടു ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം പരസ്യ പ്രതികരണത്തിലേക്ക് കടക്കുമെന്നും ഡിസിസി നേതൃത്വത്തിന് ഇടഞ്ഞു നിൽക്കുന്ന നേതാക്കൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസമാണ് കെപിസിസി ലിസ്റ്റ് പുറത്തു വന്നത്. പാർട്ടിയിലെ ഒരുവിഭാഗം നേതാക്കൾ ലിസ്റ്റിന് പുറത്താണ്.