ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ശിവഗിരി മഠം സന്ദർശിച്ച രാഹുൽഗാന്ധിക്ക് മുൻപിൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസ. ശ്രീനാരായണഗുരു ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാണ് രാഹുൽ ഗാന്ധിക്ക് മുൻപിൽ പിണറായിയെ പ്രശംസിച്ചത്. ശ്രീനാരായണഗുരു സങ്കൽപ്പങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന് അനുഭാവ സമീപനമാണുള്ളത് എന്നായിരുന്നു സ്വാമി സച്ചിദാനന്ദയുടെ പ്രതികരണം.
ശിവഗിരി മഠത്തിൽ നരേന്ദ്ര മോദിയെന്നോ രാഹുൽ ഗാന്ധിയെന്നോ വ്യത്യാസമില്ല. എല്ലാവരേയും സ്വീകരിക്കുന്ന നിലപാടാണ് മഠത്തിന്റേത്. നേരത്തേ രണ്ട് തവണ ക്ഷണിച്ചിട്ടും രാഹുലിന് അസൗകര്യം കാരണം എത്താനായില്ല. നെഹ്രുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും മുമ്പ് മഠം സന്ദർശിച്ചിട്ടുണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടുകൾ ഇതേപടി തുടർന്നാൽ ഇടത് സർക്കാർ വീണ്ടും അധികാരത്തിലത്തുമെന്നും സച്ചിദാനന്ദ വ്യക്തമാക്കി.
നേരത്തെ മൂന്നാം പിണറായി സർക്കാർ കേരളത്തിൽ നിലവിൽ വരുമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. ജാതിഭേദമോ മതഭേദമോ ഇല്ലാതെ എല്ലാ ജനതയ്ക്കും തുല്യമായ അവകാശങ്ങളുണ്ടെന്നും അവരെ സഹായിക്കണമെന്നുമുള്ള നീതിബോധത്തോടെ പ്രവർത്തിച്ചതുകൊണ്ടാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. ഈ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയാൽ മൂന്നാമതും പിണറായി സർക്കാർ അധികാരത്തിൽ വരും. ശ്രീനാരായണ ഗുരുവിന്റെ പേര് കേരളത്തിലെ ഒരു യൂണിവേഴ്‌സിറ്റിക്ക് ഇടണമെന്ന് മാറിമാറി വന്ന പല സർക്കാരുകളോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിണറായി സർക്കാർ ഗുരുവിന്റെ പേരിൽ ഒരു യൂണിവേഴ്‌സിറ്റി തന്നെ സ്ഥാപിച്ചു. ഇത് ചെറിയൊരു കാര്യമല്ല. വി.ജെ.ടി ഹാളിന് അയ്യങ്കാളിയുടെ പേരിടാൻ ധൈര്യം കാണിച്ച സർക്കാർ നടപടി അഭിനന്ദനാർഹമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.