മലപ്പുറം: കെ എം ഷാജിക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം. പാർട്ടി വേദികളിൽ അല്ലാതെ പാർട്ടിക്കെതിരെ വിമർശനം ഉന്നയിക്കുന്നു എന്നതാണ് ഷാജിക്കെതിരെയുള്ള പ്രധാന വിമർശനം. ലീഗിനെയും നേതാക്കളെയും അപമാനിക്കുംവിധം പതിവായി ഷാജി പ്രസംഗിക്കുന്നു. എം.എ.യൂസഫലി അടക്കമുള്ളവരെ അപമാനിക്കുന്നു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്നും ഷാജിയെ കയറൂരിവിടരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഷാജിക്കെതിരെ നടപടി വേണമെന്നും യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ ആവശ്യപെട്ടു. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
എന്നാൽ ഷാജിയുടെ പ്രസംഗം പാർട്ടിക്കെതിരല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പ്രതികരിച്ചു. ലീഗ് മൗനമായി നിൽക്കുന്നു ലീഗിലെ ഏതെങ്കിലും നേതാവ് മൗനമായി നിൽക്കുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല, അദ്ദേഹം പറഞ്ഞത് ലീഗിന് പുറത്തുള്ളവരെകുറിച്ചാണെന്നും സലാം കൂട്ടിച്ചേർത്തു.
നേരത്തെ ലീഗ് നേതൃത്വത്തിനെതിരെ കെ എം ഷാജി രംഗത്തുവന്നിരുന്നു. ലീഗ് നേതൃത്വത്തിന് അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും അത് ചില കാര്യങ്ങൾ നേടാനാണെന്നുമുള്ള ആന്തരികാർത്ഥത്തിലാണ് മുസ്ലിം ലീഗ് നേതൃത്വത്തെ ഷാജി വിമർശിച്ചത്. ഡിപ്ലോമാറ്റിക് സൗഹൃദങ്ങളെ കുറിച്ച് സംസാരിക്കാറുള്ള കുഞ്ഞാലിക്കുട്ടിക്കെതിരെയായിരുന്നു ഷാജിയുടെ വിമർശനം. മൗനം കൊണ്ട് കീഴടക്കുകയും പുകഴ്ത്തി പറഞ്ഞ് കാര്യങ്ങൾ നേടുകയും ചെയ്യുന്നതിൻ്റെ പേരല്ല ഡിപ്ലോമാറ്റിക് റിലേഷൻഷിപ്. നോ പറയേണ്ടിടത് നോ പറയലാണ് ഡിപ്ലോമാറ്റിക് റിലേഷൻഷിപ്. ഏതെങ്കിലും ഒരു തുരംഗ സൗഹൃദത്തിൻ്റെ പേരിൽ ബലികൊടുക്കേണ്ടി വന്നാൽ അതിനെ ഡിപ്ലോമസി എന്ന് പറയാനാകില്ല. പകരം അത് ഭീരുത്വമാണ്, കൂട്ടികൊടുപ്പാണ്. അത് രക്തസാക്ഷികളെ ഒറ്റുകൊടുക്കലാണെന്നു കെ എം ഷാജി പറഞ്ഞു. ജിദ്ദയിലെ കെ എം സി സി യോഗത്തിലായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഷാജി തുറന്നടിച്ചത്.