തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനർക്രമീകരിച്ച് കോൺഗ്രസ്. നേരത്തെ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ രണ്ട് ദിവസം മാത്രമാണ് ഭാരത് ജോഡോ യാത്ര പര്യടനം നടത്താൻ തീരുമാനിച്ചിരുന്നത്. സിപിഎം ഉൾപ്പടെയുള്ള സംഘടനകൾ ഇതിനെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് ഉത്തർപ്രദേശിലെ പര്യടനം അഞ്ച് ദിവസത്തേക്ക് നീട്ടികൊണ്ട് കോൺഗ്രസ് യാത്ര പുനർക്രമീകരിച്ചിരിക്കുന്നത്.
ഇടതു മുന്നണി ഭരിക്കുന്ന കേരളത്തിൽ പര്യടനം 18 ദിവസവും ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ രണ്ട് ദിവസവും പര്യടനം നടത്തുന്ന യാത്ര ഇന്ത്യയെ ഒന്നിപ്പിക്കാനാണോ അതോ ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ കോൺഗ്രസിൻ്റെ സീറ്റുകൾ മാത്രം ഒന്നിപ്പിക്കാനാണോ, ബിജെപി-ആർഎസ്എസിനെതിരെയുള്ള പോരാട്ടത്തിൻ്റെ വിചിത്ര വഴി എന്നായിരുന്നു സിപിഎം വിമർശനം.
കർണാടകയിലും രാജസ്ഥാനിലും പരമാവധി 21 ദിവസമാണ് ഭാരത് ജോഡോ യാത്ര പര്യടനം നടത്തുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഗുജറാത്ത്, ഛത്തീസ്ഗഢ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയെ യാത്ര പൂർണ്ണമായും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയർന്നു.