കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എന്തുകൊണ്ട് കേരളത്തില്‍ കൂടുതല്‍ ദിവസം പര്യടനം നടത്തുന്നവെന്നതിന് വിചിത്ര വിശദീകരണവുമായി കോണ്‍ഗ്രസ് ദേശീയ നേതാവ് ഷമ മുഹമ്മദ്. ഭൂമി ശാസ്ത്രപരമായി കേരളം വെര്‍ട്ടിക്കല്‍( കുത്തനെ) സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് അതുകൊണ്ടാണ് കന്യാകുമാരി മുതല്‍ കശ്മീരിലേക്കുള്ള യാത്രയില്‍ കേരളത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ പര്യടനം നടത്തുന്നതെന്നാണ് ഷമ മുഹമ്മദിൻ്റെ ന്യായീകരണം. കൂടാതെ മറ്റു റൂട്ടുകള്‍ തെരഞ്ഞെടുത്താല്‍ അത് റോഡില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും തൻ്റെ ഫേസ്ബുക്കില്‍ പങ്കുവച്ച ലൈവ് വീഡിയോയില്‍ അവര്‍ പറയുന്നു.
ഷമയുടെ വിചിത്ര ന്യായീകരണത്തില്‍ പരിഹാസവും വിമര്‍ശനവും ശക്തമായി. കോണ്‍ഗ്രസിൻ്റെ ഭാവി നിശ്ചയിക്കാന്‍ പോകുന്ന നിര്‍ണായകമായ രാഷ്ട്രീയ ജാഥ ഭൂമിശാസ്ത്ര സൗകര്യത്തിനനുസരിച്ചാണോ ചിട്ടപ്പെടുത്തേണ്ടതെന്നാണ് ഉയരുന്ന ചോദ്യം. എളുപ്പവഴി മാത്രം കണ്ടെത്തി നടത്തുന്ന ജാഥയാണെങ്കില്‍ എന്തിനാണ് ഈ പദയാത്ര സഹനയാത്രയെന്ന് കൊട്ടിഘോഷിക്കുന്നതെന്നും ചോദ്യമുയര്‍ന്നു. പദയാത്ര ഏത് റൂട്ടിലാണെങ്കിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുക സ്വാഭാവികമാണ്. ബിജെപി ശക്തിദുര്‍ഗങ്ങള്‍ കേന്ദ്രീകരിച്ച് പര്യടനം നടത്താത്ത രാഹുലിൻ്റെ ജാഥയ്ക്കെതിരെ വിമര്‍ശനം ശക്തമായതോടെയാണ് വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ലക്ഷ്യമാക്കിയുള്ള ഇത്തരം വിചിത്ര ന്യായീകരണങ്ങള്‍. ഗുജറാത്ത് ഇന്ത്യയുടെ മാപ്പില്‍ ഇല്ലാത്തുകൊണ്ടാണോ ഗുജറാത്തിലേക്ക് പോകാത്തതെന്നും ഷമ മുഹമ്മദിനോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.