ബിജെപിയിൽ ഭിന്നത രൂക്ഷം. എറണാംകുളം ജില്ലാ കമ്മറ്റിയിലാണ് കടുത്ത ഭിന്നത തുടരുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിച്ചിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കാൻ എത്തിയ പ്രവർത്തകരുടെ എണ്ണം വളരെ കുറവായിരുന്നു. പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും ഫണ്ടില്ലാത്ത സാമ്പത്തിക ബുന്ധിമുട്ടിലാണ് ജില്ലാ കമ്മറ്റി. ഇതെല്ലാം ജില്ലാ പ്രസിഡന്റിൻ്റെ കഴിവില്ലായ്മയാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണനെതിരെ ഇവർ ശക്തമായ പ്രതിഷേധത്തിലാണ്.
പാർട്ടിയിലെ ഭിന്നത പരിഹരിക്കാൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമ്പൂർണ ജില്ലാ കമ്മറ്റി കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ശേഷവും ഭിന്നത പരിഹരിക്കാനാകാത്തത് നേതൃത്വത്തെ വെട്ടിലാക്കി. നരേന്ദ്ര മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിന് സമീപം സംഘടിപ്പിച്ച സമ്മേളനത്തിൽ പാർട്ടി നൽകിയ എണ്ണത്തിൻ്റെ പകുതി പേരാണ് പങ്കെടുത്തത്. നരേന്ദ്ര മോദി കേരളത്തിലെത്തിയിട്ടുപോലും പ്രവർത്തകരെ സംഘടിപ്പിക്കാനാകാത്ത നേതൃത്വത്തിൻ്റെ നിഷ്ക്രിയത്വമാണെന്ന് എതിർഭാഗം ആരോപിച്ചു.
സംഘടന ചലിപ്പിക്കുന്നതിൽ ജില്ലാ പ്രസിഡന്റ് പരാജയമാണ്. ദൈനംദിനപ്രവർത്തനത്തിനുപോലും ഫണ്ട് ഇല്ലാതാകുംവിധം സാമ്പത്തികഞെരുക്കത്തിലാക്കി. പല സ്ഥലത്തും ഫണ്ട് പിരിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി ഏകോപിപ്പിക്കാനാകുന്നില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ കണക്കുപോലും തീർക്കാൻ കഴിഞ്ഞിട്ടില്ല. ആർഎസ്എസ് നോമിനിയായി വന്ന ജില്ലാ പ്രസിഡന്റിന് നേതൃപരിചയമില്ല. ജില്ലാ ആസ്ഥാനമന്ദിരം യാഥാർഥ്യമാക്കാൻ കഴിയാത്തതും നേതൃത്വത്തിന്റെ കഴിവുകേടാണെന്നും ഇവർ ആരോപിച്ചു.
നേരത്തെ കേരളത്തിലെത്തിയ പ്രധനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മറ്റിയിൽ പങ്കെടുത്തിരുന്നു. കോർക്കമ്മറ്റിയിൽ പങ്കെടുത്ത മോദി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. കേരളത്തിൽ ബിജെപിക്ക് അനുകൂല സാഹചര്യമല്ല എന്ന് പറയുന്നതിനപ്പുറം സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ലെന്നും മോഡി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ബിജെപിയുടെ നേതൃത്വത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നില്ല. സംഘടനാപരമായി പല പരിപാടികളും ബിജെപി കേരളത്തിൽ നടത്തിയതായി പേപ്പറിൽ പറയുന്നുണ്ടെങ്കിലും പ്രവർത്തനത്തിലില്ലെന്നും മോദി പരിഹസിച്ചു.