പതിനഞ്ചാം നിയമസഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എന്‍ ഷംസീര്‍ പ്രായത്തെ കടന്നുനില്‍ക്കുന്ന പരിജ്ഞാനവും പക്വതയുമുള്ളയാളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എന്‍ ഷംസീറിനെ അഭിനന്ദിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ സജീവമായി ഇടപെട്ട് വളര്‍ന്ന പശ്ചാത്തലമുള്ളയാളാണ് എ എന്‍ ഷംസീര്‍. തലശ്ശേരി കലാപകാലത്ത് ആക്രമണം നേരിട്ട കുടുംബത്തില്‍ നിന്നാണ് ഷംസീര്‍ വരുന്നത് . അതുകൊണ്ട് തന്നെ മതനിരപേക്ഷതയുടെ മൂല്യം മനസിലാക്കിയ വ്യക്തിയാണ്. അക്കാദമിക് മികവും സമരവീര്യവും സംയുക്തമായി മുന്നോട്ട് കൊണ്ടുപോയതില്‍ മാതൃകയാണ് ഷംസീറെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിനഞ്ചാം നിയമസഭയുടെ ആദ്യ സ്പീക്കറെന്ന നിലയില്‍ എംബി രാജേഷ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അതേ വഴിയില്‍ പുതിയ സ്പീക്കറും പ്രവര്‍ത്തിക്കുമെന്നാണ് പ്രത്യാശയെന്നും ജനങ്ങളുടെയും നാടിൻ്റെയും ഭാഗധേയം നിര്‍ണയിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ക്ക് ചാലകശക്തിയാകാന്‍ സ്പീക്കര്‍ക്ക് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും തലശേരി എംഎൽഎയുമാണ് എ എൻ ഷംസീർ. സ്പീക്കർ ആയിരുന്ന എം ബി രാജേഷ് മന്ത്രിയായതിനെ തുടർന്ന് സ്ഥാനം ഒഴിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.ഷംസീറിനെ ഹൃദയപുർവ്വം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിൽ രാവിലെ പത്തിന് ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറിൻ്റെ അധ്യക്ഷതയിൽ രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടത്തിയത്.