ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ എം ഷാജി. ലീഗ് നേതൃത്വത്തിന് അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും അത് ചില കാര്യങ്ങൾ നേടാനാണെന്നുമുള്ള ആന്തരികാർത്ഥത്തിലാണ് മുസ്ലിം ലീഗ് നേതൃത്വത്തെ ഷാജി വിമർശിച്ചത്. ഡിപ്ലോമാറ്റിക് സൗഹൃദങ്ങളെ കുറിച്ച് സംസാരിക്കാറുള്ള കുഞ്ഞാലിക്കുട്ടിക്കെതിരെയായിരുന്നു ഷാജിയുടെ വിമർശനം.
മൗനം കൊണ്ട് കീഴടക്കുകയും പുകഴ്ത്തി പറഞ്ഞ് കാര്യങ്ങൾ നേടുകയും ചെയ്യുന്നതിന്റെ പേരല്ല ഡിപ്ലോമാറ്റിക് റിലേഷൻഷിപ്. നോ പറയേണ്ടിടത് നോ പറയലാണ് ഡിപ്ലോമാറ്റിക് റിലേഷൻഷിപ്. ഏതെങ്കിലും ഒരു തുരംഗ സൗഹൃദത്തിന്റെ പേരിൽ ബലികൊടുക്കേണ്ടി വന്നാൽ അതിനെ ഡിപ്ലോമസി എന്ന് പറയാനാകില്ല. പകരം അത് ഭീരുത്വമാണ്, കൂട്ടികൊടുപ്പാണ്. അത് രക്തസാക്ഷികളെ ഒറ്റുകൊടുക്കലാണെന്നു കെ എം ഷാജി പറഞ്ഞു. ജിദ്ദയിലെ കെ എം സി സി യോഗത്തിലാണ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഷാജി തുറന്നടിച്ചത്.
നേരത്തെയും ലീഗ് നേതൃത്വത്തിനെതിരെയും പി കെ കുഞ്ഞാലികുട്ടിക്കെതിരെയും കെ എം ഷാജി പ്രത്യക്ഷമായും പരോക്ഷമായും വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ മാസം മുസ്ലിം ലീഗ് മുഖപ്രത്രമായ ചന്ദ്രികയുടെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി വിമർശിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ, കെ എം ഷാജി പക്ഷക്കാരനാണ്. എന്നാൽ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച സംസ്ഥാന സെക്രട്ടറിയെ ലീഗ് പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.