ഭാരത് ജോഡോ യാത്രയിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനെ അവഗണിച്ച് കോൺഗ്രസ് നേതൃത്വം. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ഭാരത് ജോഡോ യാത്ര നയിക്കുന്നത്. യാത്രയ്ക്ക് നേമം മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിന് ഇടയിലാണ് കെ മുരളീധരനെ നേതൃത്വം അവഗണിച്ചത്. നേമത്തെ സ്വീകരണ പരിപാടിയിൽ മുരളീധരൻ എത്തിയെങ്കിലും മുരളീധരന് വേദിയിൽ സീറ്റ് നിഷേധിച്ചു. നടപടിയിൽ എതിർപ്പ് പ്രകടിപ്പിച്ച മുരളീധരൻ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ മുരളീധരൻ യുഡിഫ് സ്ഥാനാർത്ഥിയായി മത്സരിച്ച നിയോജകമണ്ഡലമാണ് നേമം. ഭാരത് ജോഡോ യാത്രയുടെ സ്വീകരണ വേദികളിൽ ആർക്കെല്ലാം സീറ്റ് നൽകണമെന്ന് തീരുമാനിക്കുന്നത് അതാത് ഡിസിസികളാണ്. എന്നാൽ എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിർദേശ പ്രകാരമാണ് വേദിയിൽ ഇരിക്കേണ്ട നേതാക്കളെ, ഡിസിസി തീരുമാനിച്ചത്.
എന്നാൽ നേമത്തെ പരിപാടിയിൽ കെ മുരളീധരനെക്കാൾ ജൂനിയറായ നേതാക്കൾ വേദിയിൽ ഉണ്ടായിരുന്നു. വേദിയിലിരിക്കാൻ മുരളീധരൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ വേദിയിലേക്ക് കടത്തി വിട്ടില്ല. പാർലമെന്റ് അംഗമാണെന്ന് അറിയിച്ചിട്ടും കടത്തി വിടാൻ തയ്യാറായില്ല. ഇതോടെയാണ് കെ മുരളീധരൻ വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ കരുത്തനായ സ്ഥാനാർഥിയെ വേണമെന്ന് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടാണ് വടകര എംപിയായ മുരളീധരൻ നേമത്ത് മത്സരിക്കാനെത്തിയത്. താൻ മത്സരിച്ച നിയജോകമണ്ഡലത്തിൽ വെച്ച് തന്നെ അവഗണിച്ചത് ശരിയായില്ല. ബിജെപിയെ തോൽപ്പിക്കാൻ ഇനി സ്റ്റേജിലുള്ളവർ തന്നെ രംഗത്തിറങ്ങട്ടെയെന്നും കെ മുരളീധരൻ പറഞ്ഞു.