തിരുവനന്തപുരം: ആശുപത്രി വളപ്പിനുള്ളിൽ പണിത സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകം രാഹുൽ ഗാന്ധിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാം എന്ന വാഗ്ദാനം നൽകി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രി ഉടമകളിൽ നിന്ന് പാലോട് രവി പണം പിരിച്ചെന്ന് ആരോപണം. പബ്ലിസിറ്റിയ്ക്കുവേണ്ടിയാണ് ആശുപത്രി മാനേജ്മെൻ്റ് പരിപാടി സംഘടിപ്പിച്ചതെന്നും ഫണ്ട് പിരിവിനെക്കുറിച്ച് പാർടിയിൽ ആരോപണമുയർന്നിട്ടുണ്ടെന്നും അണികൾ ധരിപ്പിച്ചതിനെത്തുടർന്നാണ് രാഹുൽ ഗാന്ധി ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയത് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം നടന്ന സംഘാടക സമിതി യോഗത്തിലും ഈ പരാതി ഉന്നയിക്കപ്പെട്ടിരുന്നു. പാർടി അധ്യക്ഷൻ്റെ പേരു പറഞ്ഞ് പണം പിരിക്കുന്ന ഡിസിസി അധ്യക്ഷനെ പുറത്താക്കണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
കഴിഞ്ഞ ദിവസം നിശ്ചയിച്ച ഉദ്‌ഘാടന ചടങ്ങിൽ എല്ലാ നേതാക്കളും എത്തിയ ശേഷമാണ് രാഹുൽഗാന്ധി പങ്കെടുക്കില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയത്. ഇതോടെ ഭാരത് ജോഡോ യാത്ര വിവാദമായി. ഭാരത് ജോഡോ യാത്രയുടെ വിശ്വാസ്യതയെ നശിപ്പിക്കുന്ന തീരുമാനമാണ് രാഹുൽഗാന്ധിയുടേത്. നടപടി മഹാമോശമായി പോയെന്നും ശശി തരൂർ എംപി വിമർശിച്ചിരുന്നു.