കേരളത്തിലെ ബിജെപിയുടെ പ്രവർത്തനം അവതാളത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സംസ്ഥാന നേതാക്കളെ മോഡി അതൃപ്തി അറിയിച്ചു. ബിജെപി കോർ കമ്മറ്റി യോഗത്തിലാണ് നരേന്ദ്ര മോഡി സംസ്ഥാന നേതൃത്വത്തെ വിമർശിച്ചത്. പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനത്തിനിടെ സെപ്റ്റംബർ ഒന്നിനാണ് കൊച്ചിയിൽ ചേർന്ന കോർ കമ്മറ്റിയിൽ നരേന്ദ്ര മോഡി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.
കേരളത്തിൽ ബിജെപിക്ക് അനുകൂല സാഹചര്യമല്ല എന്ന് പറയുന്നതിനപ്പുറം സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ലെന്നും മോഡി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ബിജെപിയുടെ നേതൃത്വത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നില്ല. സംഘടനാപരമായി പല പരിപാടികളും ബിജെപി കേരളത്തിൽ നടത്തിയതായി പേപ്പറിൽ പറയുന്നുണ്ടെങ്കിലും പ്രവർത്തനത്തിലില്ലെന്നും മോഡി പരിഹസിച്ചു. 2024 പൊതു തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ വേണ്ട പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും മോഡി കൂട്ടിച്ചേർത്തു.
കേരളത്തിൽ ബിജെപിയുടെ പ്രവർത്തനം മോശമാണെന്ന് വ്യക്തമാക്കിയ കേന്ദ്ര നേതൃത്വം നേരത്തെ കേരളത്തിലെ ബിജെപി നേതാക്കൾക്ക് രാജ്യസഭാ സീറ്റ് നൽകേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. കേരളത്തിലെ ബിജെപിയുടെ പ്രവർത്തനം മോശമായതിനെ തുടർന്ന് കേരളാ ഘടകത്തിൻ്റെ ചുമതല കേന്ദ്ര നേതൃത്വം മുതിർന്ന നേതാവ് പ്രകാശ് ജാവദേക്കറിന് നൽകിയിരുന്നു. ഇയാൾ മുൻ കേന്ദ്ര മന്ത്രിയാണ്. രാധാമോഹൻ അഗർവാളിനാണ് സഹ ചുമതല.