ന്യൂഡൽഹി: കേരളത്തിൽ തെരുവുനായ ശല്യം രൂക്ഷമെന്ന് സുപ്രീംകോടതി. തെരുവു നായ്ക്കളെ തീറ്റിപോറ്റുന്നവർ അതിന്റെ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി. ആർക്കെങ്കിലും തെരുവുനായയുടെ കടിയേറ്റാൽ അതിൻ്റെ ചെലവും നായ്ക്കളെ തീറ്റിപോറ്റുന്നവർ വഹിക്കണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കേരളത്തിലെ തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയുടെയും ജെകെ മഹേശ്വരിയുടെയും നീരീക്ഷണം. തെരുവുനായ്ക്കളെ തീറ്റിപോറ്റുന്നവർക്കാണ് അതിനെ വാക്സിനേറ്റ് ചെയ്യാനുള്ള ഉത്തരവാദിത്വമെന്ന് കോടതി പറഞ്ഞു. തെരുവുനായുടെ കടിയേറ്റുള്ള പരാതികള്‍ പരിശോധിക്കാന്‍ 2016ല്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് സിഗിജഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിളിച്ചുവരുത്തുമെന്ന് സുപ്രീംകോടതി അറിയിച്ചു. കേരളത്തിലെ തെരുവുനായ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി 28ന് ഇതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ കക്ഷികൾ അതിന് മുമ്പ് സമർപ്പിക്കണമെന്ന് നിർദേശിച്ച കോടതി ഇക്കാര്യത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മീഷനോടും റിപ്പോർട്ട് തേടി
തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്ന അംഗീകരിക്കാനാവില്ലെന്നും കേരളത്തിൽ തെരുവ് നായകൾ ഗൌരവകരമായ ഭീഷണി ഉയർത്തുന്നുണ്ട് എന്നത് അംഗീകരിക്കേണ്ട വസ്തുതയാണെന്നും കോടതി പറഞ്ഞു. അപകടകാരികളായ പട്ടികളെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റുന്നതു പരിഗണിച്ചുകൂടേയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. പട്ടികടിയേറ്റ് വാക്സിന്‍ എടുത്തിട്ടും മരണം സംഭവിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പ്രതികരിച്ചു. സാബു സ്റ്റീഷന്‍, ഫാ. ഗീവര്‍ഗീസ് തോമസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.