അപകടത്തിൽപ്പെട്ടവരെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് മന്ത്രി. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജാണ് അപകടത്തിൽപെട്ട അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ചത്. പാളയം വിജെടി ഹാളിന് സമീപമാണ് അപകടമുണ്ടായത്. പേയാട് സ്വദേശികളായ അനുവും ഭാര്യ ആതിരയും മക്കളും, സഹോദരൻ്റെ മക്കളുമാണ് അപകടത്തിൽപെട്ടത്.
ഇവർ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിച്ച ബൈക്ക് നിർത്താതെ പോയി. അപകടത്തിൽ ആതിരയും മക്കളും റോഡിൽ തെറിച്ചു വീഴുകയും ആതിരയുടെ കാലിൽ ബൈക്ക് വീണു പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം നടന്നത്. ആരോഗ്യമന്ത്രി വീണ ജോർജ് കിഴക്കേക്കോട്ടയിലേക്ക് പോകുകന്ന വഴിയിലാണ് അപടമുണ്ടായത്.
ഓണാഘോഷ പരിപാടികൾ ഉള്ളതിനാൽ റോഡിൽ ഗതാഗത തടസം നേരിട്ടു. ആംബുലൻസ് എത്താൻ വൈകിയതോടെയാണ് മന്ത്രിയുടെ വാഹനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതരെ വിളിച്ച് അടിയന്തര ചികിത്സ ഉറപ്പാക്കുകയും ചെയ്തു.