കോഴിക്കോട്: കോഴിക്കോട് നൊച്ചാട് സിപിഎം നേതാവിൻ്റെ വീടിന് നേരെ ആക്രമണം. നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗം മാരാർകണ്ടി സുൽഫിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ ജീവനക്കാരനാണ് സുൽഫി. വീടിൻ്റെ മുന്നിൽ നിർത്തിയിട്ടിരുന്ന കാർ കത്തിക്കാനും ശ്രമം നടന്നു. തീയാളുന്നത് കണ്ട് വീട്ടുകാർ തീയണച്ചതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. നേരത്തെ നൊച്ചാട് മേഖലയിലുണ്ടായിരുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയാണ് ഈ സംഭവമെന്നാണ് പൊലീസ് വിലയിരുത്തൽ. പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി .
നേരത്തെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ്റെ വീടിനു നേരെയും ആക്രമണം നടന്നിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ എബിവിപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എ കെ ജി സെന്റർ ബോംബാക്രമണ കേസിലെ പ്രതിയെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.