കെ കെ ഷൈലജ ടീച്ചര്‍ മാഗ്സസെ പുരസ്കാരം നിരസിച്ചതിൻ്റെ കാരണങ്ങള്‍ വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നിരസിച്ചത്. പുരസ്കാരത്തിന് പരിഗണിച്ചപ്പോള്‍ കെ കെ ഷൈലജ ടീച്ചര്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് പുരസ്കാരം സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ഷൈലജ ടീച്ചര്‍ മാഗ്സസെ ഫൗണ്ടേഷനെ അറിയിച്ചതെന്ന് യെച്ചൂരി വ്യക്തമാക്കി.
മൂന്ന് കാരണങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം നിരസിക്കാന്‍ തീരുമാനിച്ചത്. നിപ, കൊവിഡ് പ്രതിരോധം ഉള്‍പ്പെടെയുള്ള കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ മികവ് പരിഗണിച്ചാണ് പുരസ്കാരം നല്കാന് തീരുമാനിച്ചത്. എന്നാല്‍ ഇത് ഒരു വ്യക്തിയുടെ മാത്രം മികവല്ല. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. അപ്പോള്‍ സമിതി പുരസ്കാരത്തിന് പരിഗണിക്കേണ്ടത് ആ കൂട്ടായ പ്രവര്‍ത്തനങ്ങളെയാണ്. എന്നാല്‍ ഒരു വ്യക്തിയെ മാത്രമാണ് പരിഗണിച്ചത്.
കൂടാതെ മാഗ്സസെ പുരസ്കാരം ഇതേവരെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടില്ല. കെ കെ ഷൈലജ സിപിഎം കേന്ദ്രകമ്മിറ്റി അംഗമാണ്. അങ്ങനെ സജീവ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയ്ക്ക് പുരസ്കാരം നല്‍കുന്നത് എന്തിനാണെന്ന് അവാര്‍ഡ് നിര്‍ണയ സമിതിക്ക് വ്യക്തമായി വിശദീകരിക്കാന്‍ സാധിച്ചിട്ടുമില്ല.
ഫിലിപ്പീന്‍സില്‍ കമ്യൂണിസ്റ്റുകളെ ക്രൂരമായി അടിച്ചമര്‍ത്തിയ ചരിത്രമാണ് മാഗ്സസെയ്ക്കുള്ളത്. അങ്ങനെയുള്ള മാഗ്സസെയുടെ പേരിലുള്ള പുരസ്കാരം സ്വീകരിക്കുന്നത് അനുചിതമാണ്. ഇക്കാരണങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം നിരസിക്കുന്നതിനുള്ള തീരുമാനമെടുത്തതെന്ന് യെച്ചൂരി വ്യക്തമാക്കി.