പ്രഹസനമായി ലീഗ് പോഷകസംഘടനകളിലെ അഴിച്ചുപണി. എംഎസ്എഫ് ദേശീയ ഉപാധ്യക്ഷനായി ലീഗ് നേതൃത്വം നിയമിച്ചത് പ്രവാസി വ്യവസായിയെ. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള കാസിം എനോളിയാണ് എംഎസ്എഫിൻ്റെ പുതിയ ദേശീയ ഉപാധ്യക്ഷന്‍. ഇയാള്‍ക്ക് അടുത്തിടെയാണ് ദുബായിയില്‍ നിന്ന് ഗോള്‍ഡന്‍ വിസ ലഭിച്ചത്. വ്യവസായി എന്ന നിലയിലാണ് കാസിമിന് ഗോള്‍ഡന്‍ വിസ ലഭിച്ചത്. എംഎസ്എഫിന്റെ ഒരു ഭാരവാഹിത്വത്തിലും ഇതേവരെ പ്രവര്‍ത്തിക്കാത്തയാളാണ് ഇയാളെന്നും വിമര്‍ശനമുയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
ലീഗിൻ്റെ യുവജന സംഘടനയായ യൂത്ത് ലീഗിൻ്റെ പുനസംഘടനയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത് നിലവിലെ ഭാരവാഹികള്‍ അറിയാതെയാണെന്നാണ് ആക്ഷേപം. കൂടാതെ കത്വ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മാറ്റിനിര്‍ത്തപ്പെട്ട സി കെ സുബൈറിനെ വീണ്ടും ലീഗിൻ്റെ ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയാക്കുകയും ചെയ്തു.
പാര്‍ട്ടി പോഷക സംഘടനകളിലെ പുനസംഘടനയില്‍ മതിയായ കൂടിയാലോചനയില്ലാത്തതില്‍ ഇ ടി മുഹമ്മദ് ബഷീറും മുഈന്‍ അലി തങ്ങളും അതൃപ്തി അറിയിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചേര്‍ന്ന ലീഗ് ദേശീയ നേതൃയോഗത്തിലായിരുന്നു പുനസംഘടനാ തീരുമാനം.