രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ കെ സുരേന്ദ്രൻ്റെ മകനെ തസ്തികയുണ്ടാക്കി നിയമിച്ചുവെന്ന് വാര്‍ത്ത നല്‍കിയതിന് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മകൻ്റെ നിയമനത്തിനായി ഒരു തരത്തിലുള്ള വഴിവിട്ട ഇടപെടലും നടത്തിയിട്ടില്ല. ഹരികൃഷ്ണൻ്റെ നിയമനം മെറിറ്റ് അടിസ്ഥാനത്തിലാണ്. വസ്തുതാ വിരുദ്ധമായ വാര്‍ത്തയാണ് ഏഷ്യനെറ്റ് നല്‍കിയത്. കെട്ടിച്ചമച്ച ഈ വാര്‍ത്തയ്‌ക്കെതിരെ ഏഷ്യാനെറ്റിനെക്കൊണ്ട് സമാധാനം പറയിപ്പിക്കുമെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറാണ് ഏഷ്യാനെറ്റ് ചെയര്‍മാന്‍
രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ കെ സുരേന്ദ്രൻ്റെ മകന് ജോലി ഉറപ്പാക്കാന്‍ ബി ടെക് യോഗ്യതയാക്കി ഒരു തസ്തിക മാത്രം പ്രത്യേകം സൃഷ്ടിച്ചുവെന്നും ഈ തസ്തികയിലേക്ക് സുരേന്ദ്രൻ്റെ മകനെ നിയമിച്ചുവെന്നുമാണ് ആരോപണം.
കഴിഞ്ഞ വര്‍ഷം ഡിംസംബറിലാണ് ടെക്നിക്കല്‍ ഓഫീസറടക്കം മൂന്ന് ഒഴിവുകളിലേക്ക് ആര്‍ ജി സി ബി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചത്. ടെക്നിക്കല്‍ ഓഫീസര്‍ നിയമനത്തില്‍ മുന്‍പ് യോഗ്യതയായി നിശ്ചയിച്ചിരുന്നത് ബിരുദാനന്തര ബിരുദമായിരുന്നു. എന്നാല്‍ ഇത്തവണ യോഗ്യതയായി ബിടെക്കാണ് നിഷ്‌കര്‍ഷിച്ചത്. ഇത് കെ സുരേന്ദ്രൻ്റെ മകന് നിയമനം ഉറപ്പാക്കാനാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്