കൊച്ചി: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ലൈഫ് മിഷൻ പദ്ധതിയെ കേന്ദ്ര സർക്കാരിൻ്റെ പദ്ധതിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗ്രാമ പ്രദേശങ്ങളിൽ എൺപത് ശതമാനം ചെലവും നഗര പ്രദേശങ്ങളിൽ അറുപത്തിമൂന്ന് ശതമാനം ചെലവും വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. 72000 രൂപയാണ് ഗ്രാമപ്രദേശങ്ങൾക്കുള്ള പിഎംഎവൈ റൂറൽപദ്ധതിയുടെ ഭാഗമായി കേന്ദ്രം അനുവദിക്കുന്നത്. ഒന്നരലക്ഷം രൂപയാണ് പിഎംഎവൈ അർബൻ പദ്ധതിയുടെ ഭാഗമായി നൽകുന്നത്.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി കേരളത്തില്‍ രണ്ട് ലക്ഷത്തോളം വീടുകള്‍ നിര്‍മാണം നടത്തി വരികയാണെന്നും ഒരു ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു എന്നുമാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ലൈഫ് പദ്ധതിയുമായി സംയോജിപ്പിച്ച് സംസ്ഥാനസർക്കാർ ഭൂരിപക്ഷം തുകയും ചെലവിട്ട് പണിത വീടുകളുടെ കണക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കേന്ദ്രനേട്ടമായി നിരത്തിയത്.
നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ബിജെപിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഓണക്കാലത്ത് കേരളത്തിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമെന്നും ഓണാശംസകൾ നേർന്നുകൊണ്ട് മോദി പറഞ്ഞു. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനാണ് പ്രധാനമന്ത്രി എത്തിയത്. ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കും. കൊച്ചി മെട്രോയുടെയും ദക്ഷിണ റെയിൽവേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.