തിരുവനന്തപുരം: സിപിഐ(എം) പ്രവർത്തന ഫണ്ട് ശേഖരണം 1 മുതൽ 14 വരെ സംസ്ഥാനത്ത് നടത്തും. ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് പാർടി ഘടകങ്ങളോടും പ്രവർത്തകരോടും ബഹുജനങ്ങളോടും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. പാർടി ഘടകങ്ങൾ വീടുകളിലും, തൊഴിൽ സ്ഥാപനങ്ങളിലും ബഹുജനങ്ങളെ നേരിട്ട് കണ്ടും ഫണ്ട് ശേഖരണം നടത്തും.
ഹിന്ദുത്വ– -കോർപറേറ്റ് അജൻഡകൾ ശക്തമായി നടപ്പാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര ബിജെപി സർക്കാർ. മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ആശയങ്ങൾ തകർക്കാനുള്ള നീക്കമാണ് നടത്തുന്നത്.
ബദൽ നയങ്ങൾ ഉയർത്തി സംസ്ഥാന സർക്കാർ വിവിധ മേഖലകളിൽ ഇടപെടുകയാണ്. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനായി പൊരുതിയും ജനപക്ഷത്ത് ഉറച്ചുനിന്നും സിപിഐ എം മുന്നോട്ടുപോവുകയാണ്. ഇത്തരം പ്രവർത്തനങ്ങളെ എല്ലാ കാലത്തും സഹായിച്ചത് ബഹുജനങ്ങളാണ്. തുടർന്നും ഈ സഹകരണമുണ്ടാകണമെന്നും പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.