പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധനയിൽ ഓഫീസിൽ ഇല്ലായിരുന്ന അസിസ്റ്റന്റ് എഞ്ചിനിയറിന് സ്ഥലം മാറ്റം. പൂജപ്പുര അസിസ്റ്റന്റ് എൻജിനിയർ മംമ്ദയെയാണ് എറണാകുളത്തേക്ക് സ്ഥലം മാറ്റിയത്. അസി. എഞ്ചിനിയർ അനുമതി വാങ്ങാതെ ഓഫീസിൽ നിന്നും വിട്ടു നിന്നുവെന്ന് ചീഫ് എഞ്ചിനിയർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നാണ് സ്ഥലം മാറ്റം.
നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം അസി.എഞ്ചിയറുടെ ഓഫീസിലായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. മന്ത്രി പരിശോധനയുടെ ഭാഗമായി ഓഫീസിൽ എത്തിയപ്പോൾ രണ്ട് ഓവർസിയർമാർ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. ചീഫ് എഞ്ചിനിയറോട് അടിയന്തിരമായി ഓഫീസിലെത്താനും മന്ത്രി നിർദേശിച്ചു.
ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. നിരവധി പരാതികളാണ് നേരിട്ട് ലഭിച്ചത്. ഓഫീസില്‍ എത്തുന്നവരോട് മോശമായി പെരുമാറുന്നുയെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇത്തരം തെറ്റായ പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും എല്ലാവര്ക്കും ഇതൊരു മുന്നറിയിപ്പാണെന്നും മന്ത്രി റിയാസ് പറഞ്ഞു.