ഇടുക്കി: ഇന്ന് പുലര്‍ച്ചെ തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു പേർ മരിച്ചു. കാഞ്ഞാർ സംഗമം മാളിയേക്കൽ കോളനിക്ക് മുകളിലാണ് ഉരുൾ പൊട്ടിയത്. ചിറ്റാലിച്ചാലില്‍ സോമൻ്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി. മാതാവ് തങ്കമ്മയുടെ മൃതദേഹം കണ്ടെത്തി. ഒരു കുടുംബത്തിലെ നാല് പേരെ കാണാതായെന്നാണ് സംശയം. ഇന്നലെ രാത്രി 10.30 ഓടെ കനത്ത മഴയായിരുന്നു. ഈ മഴയ്ക്ക് ഒടുവിലാണ് വലിയ ശബ്ദത്തോടെ ഉരുൾപൊട്ടി എത്തിയത്. കാണാതായവര്‍ക്ക് വേണ്ടി ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. റവന്യൂവകുപ്പും സ്ഥലത്തുണ്ട്. സോമന്, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ നിമ, നിമയുടെ മകന് ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയില്‍പ്പെട്ടത്. തെരച്ചിലിനായി എന്‍ഡിആര്‍എഫ് സംഘമെത്തും. തൃശൂരില്‍ നിന്നുള്ള സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്.
ഇപ്പോള്‍ മഴ മാറി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായിട്ടുണ്ട്. അപകടം ഉണ്ടായപ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും സമീപത്തുളളവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപാർപ്പിക്കയാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.