സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലേയ്ക്ക് കല്ലെറിഞ്ഞ പ്രതികളുടെ അറസ്റ്റിനു പിന്നാലെ പാർടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ്റെെ വീടിനു നേരെയും ആക്രമണം. നെയ്യാറ്റിൻകരയ്ക്കു സമീപം മാരായമുട്ടത്തുള്ള വീടിനു നേരെയാണ് പുലർച്ചെ കല്ലേറുണ്ടായത്. ജനൽച്ചില്ലുകൾക്കും വാഹനത്തിനും കേടുപാടുകളുണ്ട്. അക്രമം നടക്കുന്ന സമയത്ത് ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം പുലർച്ചെ മേട്ടുക്കടയിലുള്ള സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കല്ലെറിഞ്ഞ എബിവിപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരാണ് കസ്‌റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റിനു തൊട്ടു പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെ കല്ലേറുണ്ടായത്. ആക്രമണത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് സംശയം.
വഞ്ചിയൂരിൽ എൽഡിഎഫിൻ്റെ വികസന ജാഥയ്ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ വ്യാപകമായ സംഘർഷത്തിന് കോപ്പുകൂട്ടുകയാണ് ബിജെപി എന്ന സംശയമാണ് ബലപ്പെടുന്നത്. വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബുവിനെ ആക്രമിച്ച പ്രതികൾ തന്നെയാണ് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയും കല്ലെറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിനു നേതൃത്വം നൽകിയ എബിവിപി പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തത്.
പാർടി ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെ ഉണ്ടായ ആക്രമണത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.