നീറ്റ് പരീക്ഷയ്ക്കിടയിൽ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ പരിശോധനയ്ക്ക് വിധേയരായ വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. കൊല്ലം ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നടന്ന പരീക്ഷയിൽ പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്കാണ് വീണ്ടും പരീക്ഷയെഴുതാനുള്ള അവസരം നൽകുന്നത്. സെപ്റ്റംബർ നാലിന് കൊല്ലം എസ്എൻ കോളേജിൽ വച്ചാണ് പരീക്ഷ നടത്തുന്നത്. ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ അറിയിപ്പ് ലഭിച്ചതായും ഹാൾടിക്കറ്റ് കിട്ടിയതായും വിദ്യാർത്ഥികളും രക്ഷിതാക്കളും അറിയിച്ചു. അപമാനിക്കപ്പെട്ട സാഹചര്യത്തിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം വീഴ്ച പറ്റിയിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വിശദീകരിച്ചെങ്കിലും വിഷയം കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെൻറിൽ ഉന്നയിച്ചതോടെ പ്രത്യേക അന്വേഷ കമ്മീഷനെ നിയമിക്കുകയായിരുന്നു. കമ്മീഷൻ കൊല്ലത്തെ പരീക്ഷാ സെന്ററിലെത്തുകയും പരാതിപ്പെട്ട വിദ്യാർത്ഥിനികളിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വീണ്ടും പരീക്ഷ നടത്താൻ അവസരം നൽകണമെന്ന് കമ്മീഷനോട് വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടിരുന്നു.