മലപ്പുറം: കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ ആശങ്കപ്രടിപ്പിച്ച് മുസ്ലിംലീഗ്. കഴിഞ്ഞ ദിവസം പാർട്ടി വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ലീഗ് നേതൃത്വവുമായും പാണക്കാട് കുടുംബവുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവാണ്. ഗുലാം നബിയെ കോൺഗ്രസ് നേതൃത്വം അവഗണിച്ചത് ശരിയായില്ലെന്ന അഭിപ്രായത്തിലാണ് സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വം. കോൺഗ്രസ് ശക്തമായി നിൽക്കേണ്ട സമയത്ത് നേതാക്കൾ കൊഴിഞ്ഞു പോകുന്നത് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ ദുർബലപ്പെടുത്തുമെന്നാണ് ലീഗിൻ്റെ വിലയിരുത്തൽ. ആസാദ് പലപ്പോഴും പാണക്കാടെത്തിയിരുന്നു. 2000ൽ പാണക്കാട് തങ്ങൾക്കൊപ്പം ഈദ്ദ് ആഘോഷിച്ചിരുന്നു. ദില്ലിയിൽ നടന്ന ഹൈദരലി തങ്ങൾ അനുസ്മരണചടങ്ങിലും കോഴിക്കോട്ട് ഇ അഹമ്മദ് അനുസ്മരണചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഗുലാം നബി ആസാദ് പാർട്ടി വിടാനുണ്ടായ സാഹചര്യം കോൺഗ്രസ് നേതൃത്വം ഉണ്ടാക്കാൻ പാടില്ലായിരുന്നു എന്ന അഭിപ്രായമാണ് ലീഗിനുള്ളത്. ആസാദിന് രാജ്യസഭാ സീറ്റ് നൽകണമായിരുന്നുവെന്നും ലീഗ് നേതാക്കൾ അഭിപ്രായപ്പെടുന്നു. നേരത്തെ പാർട്ടി വിട്ട കപിൽ സിബൽ ന്യൂനപക്ഷ വേട്ടക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവാണ്.കഴിഞ്ഞ ഒരു വർഷത്തിനിടെ പത്തിലധികം നേതാക്കളാണ് പാർട്ടി വിട്ടത്. കേരളത്തിലും നിരവധി പേർ കോൺഗ്രസ് വിട്ടു. ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടി വിടാൻ സാധ്യതയുണ്ട്. ഇങ്ങനെ ദേശീയ രാഷ്ട്രീയത്തിൽ വലിയ അനുഭവ സമ്പത്തുള്ള നേതാക്കൾ പാർട്ടി വിടുന്നതോടെ കോൺഗ്രസ് കൂടുതൽ ദുർബലമാകും. ഇത് കേരളത്തിലെ കോൺഗ്രസിനെ ബാധിക്കുമെന്ന ആശങ്കയും ലീഗ് നേതാക്കൾ പങ്ക് വെക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ ഇത് കോൺഗ്രസിൻ്റെ ആഭ്യന്തര പ്രശ്നമാണ്. പക്ഷെ അതിനപ്പുറം മാനങ്ങളുണ്ടന്ന് ഞങ്ങൾ കരുതുന്നു. കേരളത്തിലായിരുന്നു ഇങ്ങനെ വിട്ടുപോക്കെങ്കിൽ ഏതെങ്കിലും തലത്തിൽ ഇടപെടാൻ ലീഗിന് അവസരം കിട്ടുമായിരുന്നുവെന്നും ലീഗ് നേതാക്കൾ പ്രതികരിച്ചു.
ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവച്ചതോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നുവരുന്നത്. കോൺഗ്രസ് ആത്മപരിശോധന നടത്താൻ തയ്യാറാകണം. ഒരു വാർഡ് തെരഞ്ഞെടുപ്പിനെ നേരിടാൻ ശക്തിയില്ലാത്തവരാണ് ഇപ്പോൾ വലിയ കാര്യങ്ങൾ സംസാരിക്കുന്നത്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നങ്കിൽ നിലവിലെ സാഹചര്യം വരില്ലായിരുന്നു എന്ന് ഇന്ന് മുതിർന്ന നേതാവ് മനീഷ് തിവാരി പറഞ്ഞിരുന്നു. കേരളത്തിന് പുറത്ത് ബിജെപിയും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ബഹുഭൂരിപക്ഷവും നില്‍ക്കുന്നത് ഐഡിയോളജി ബേസിലാണ്. കോണ്‍ഗ്രസിൻ്റെ ആദര്‍ശങ്ങളും മതേത്വരത്വവും ജനാധിപത്യവും പിന്തുടരുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസിലുള്ളത്. പക്ഷെ കേരളത്തിൻ്റെ പുറത്തേക്ക് പോകുമ്പോള്‍ പലര്‍ക്കും ഐഡിയോളജി നഷ്ടപ്പെടും. കേരളത്തിൻ്റെ പുറത്ത് ബിജെപിയും കോണ്‍ഗ്രസും വലിയ വ്യത്യാസമില്ല. ഐഡിയോളജിക്കല്‍ ബേസുള്ളവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. അത് അറിയാവുന്ന ഒരാളായിരുന്നു ഗുലാം നബി ആസാദ്. അവരൊക്കെ പോകുമ്പോള്‍ സങ്കടമുണ്ട്. അത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുണ്ടെന്നും ഡൊമിനിക് പ്രസന്റഷനും പ്രതികരിച്ചു.