രഘു മാട്ടുമ്മൽ
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ നടത്തിയ പരാമര്‍ശത്തിലൂടെ തുറന്നു കാട്ടപ്പെട്ടത് ആരിഫ് മുഹമ്മദ് ഖാന്‍ എന്ന നാലാംകിട കാലുമാറ്റ വലതുപക്ഷ രാഷ്ട്രീയക്കാരൻ്റെ തനിനിറം. അന്ധമായ വ്യക്തിവിരോധവും രാഷ്ട്രീയപകയും മൂത്ത് ആര്‍ക്കുമെതിരെ എന്തും വിളിച്ചു പറയാമെന്ന ബോധ നിലവാരത്തിലേക്ക് എത്തിയിരിക്കുകയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം തലപ്പത്തിരിക്കുന്ന ചാന്‍സലര്‍ കൂടിയായ ഗവർണർ.
മൂന്ന് വര്‍ഷം മുമ്പ് കണ്ണൂരില്‍ ചരിത്രകോണ്‍ഗ്രസിൻ്റെ ഉദ്ഘാടന വേദിയിലുണ്ടായ പ്രതിഷേധത്തെ ഓര്‍ത്തുകൊണ്ടാണ് വി സിയെ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ചത്. തന്നെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ആക്ഷേപിക്കുന്നു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ തികച്ചും അക്കാദമികമായി നടന്ന ഒരു പരിപാടിക്കിടെ ഒട്ടും പ്രസക്തമല്ലാത്ത വിഷയം എടുത്തിട്ട് വിവാദം സൃഷ്ടിച്ചത് ചാന്‍സലറാണ്. . മൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവം ഗവർണറുടെ സ്വയംകൃതനാര്‍ഥമാണ്. എന്നിട്ടും അതിന്റെ പേരില്‍ അവസരം കിട്ടുമ്പോഴൊക്കെ വൈസ് ചാന്‍സലറെ പൊതുജനമധ്യത്തില്‍ തരംതാഴ്ന്ന ഭാഷയില്‍ അധിക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്.
2019 ഡിസംബര്‍ 28ന് കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്ത് നടന്ന ചരിത്രകോണ്‍ഗ്രസിൻ്റെ ഉദ്ഘാടന വേദിയിലാണ് ഗവര്‍ണര്‍ വിവാദ പ്രസംഗം നടത്തിയത്. രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും പറഞ്ഞ് പ്രസംഗം തുടങ്ങിയെങ്കിലും ദേശീയപൗരത്വ നിയമഭേദഗതിയെ ന്യായീകരിച്ചതോടെയാണ് ചരിത്രകോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രതിഷേധവുമായി എഴുന്നേറ്റതും. കയ്യിലുള്ള കടലാസുകളില്‍ ‘പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും ഉപേക്ഷിക്കുക’ എന്നെഴുതിക്കാണിച്ച് മുദ്രാവാക്യം വിളിച്ചതും. തുടര്‍ന്നും ഗവർണർ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയതും പ്രതിഷേധത്തിനിടയാക്കുകയായിരുന്നു.
ജനാധിപത്യവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമായ നിയമത്തെ ന്യായീകരിച്ചപ്പോഴുണ്ടായ സ്വാഭാവിക പ്രതിഷേധത്തെയാണ് ഉന്നതമായ അക്കാദമിക യോഗ്യതകളുള്ള വൈസ് ചാന്‍സലറെ അധിക്ഷേപിക്കുന്നതിനായി ഗവര്‍ണര്‍ വളച്ചൊടിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറാവുന്നതിന് മുമ്പ് ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല ചരിത്രവിഭാഗം തലവനായിരുന്നു ഗോപിനാഥ് രവീന്ദ്രന്‍ . ജെഎന്‍യുവില്‍ നിന്ന് പിജിയും എംഫിലും പിഎച്ച്ഡിയും പൂര്‍ത്തിയാക്കിയ ഇദ്ദേഹം രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യവാസസ്ഥാപനങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ഇദ്ദേഹം ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് അക്കാദമിക് വിസിറ്റിംഗ് പ്രഫസര്‍ കൂടിയായ ചരിത്ര പണ്ഡിതനെ ക്രിമിനല്‍ എന്ന് വിശേഷിപ്പിക്കുന്നയാളുടെ രാഷ്ട്രീയ പശ്ചാത്തലവും അധികാരക്കൊതിയും പരിശോധിക്കണം.
ഉന്നത യോഗ്യതകളുമായി കേരളത്തിലെ സര്‍വകലാശാലകളില്‍ ജോലി ചെയ്യുന്ന അക്കാദമിഷ്യന്‍മാരെയാകെ അയോഗ്യരെന്ന് ആക്ഷേപിക്കുന്ന ഗവർണറുടെ ഏക യോഗ്യത കാലുമാറ്റ രാഷ്ട്രീയക്കാരന്‍ എന്നത് മാത്രമാണ്.
1977 ല്‍ ഭാരതിയ ക്രാന്തിദള്‍, 1980 ല്‍ കോണ്‍ഗ്രസ്, 1989ല്‍ ജനതാദള്‍, 1998 ല്‍ ബിഎസ്പി, 2004ല്‍ ബിജെപി ഇങ്ങനെ അധികാര രാഷ്ട്രീയത്തിൻ്റെ പുറകെ ഭിക്ഷാംദേഹിയെ പോലെ നടക്കുന്നയാളാണ് ഉന്നത പദവി അലങ്കരിക്കുന്ന വ്യക്തിയെ ക്രിമിനലെന്ന് വിളിച്ചത്